സീബ്രാ ക്രോസിങ് ഒഴിവാക്കി റോഡ് മുറിച്ചുകടന്നാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ട്രാഫിക് നിയമങ്ങളെക്കുറിച്ച് കാൽനടയാത്രക്കാരിലും വാഹനമോടിക്കുന്നവരിലും അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം

സീബ്രാ ക്രോസിങ് ഒഴിവാക്കി റോഡ് മുറിച്ചുകടന്നാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ദുബൈ: കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ തടയാൻ നഗരത്തിലുടനീളം ബോധവൽക്കരണ പരിപാടികളുമായി ദുബൈ പൊലീസ്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് കാൽനടയാത്രക്കാരിലും വാഹനമോടിക്കുന്നവരിലും അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൊലീസ് സ്റ്റേഷനുകളുടെയും ട്രാഫിക് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രചാരണം നടത്തുന്നത്.

സീബ്രാ ക്രോസിങ്ങുകൾ ഒഴിവാക്കി മറ്റു സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുകയോ ട്രാഫിക് സിഗ്നലുകൾ ലംഘിക്കുകയോ ചെയ്താൽ 400 ദിർഹം പിഴ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഏകദേശം 9,000 രൂപയ്ക്ക് തുല്യമാണ് ഈ തുക. ദുബൈയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പ്രചാരണത്തിലൂടെ നിശ്ചിത ക്രോസിങ് പോയിന്റുകൾ ഉപയോഗിക്കേണ്ടതിന്റെയും ഗതാഗതനിയമങ്ങൾ പാലിക്കേണ്ടതിന്റെയും ആവശ്യകത ജനങ്ങളിലെത്തിക്കും.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിയമങ്ങൾ പാലിക്കുന്ന ശീലം വളർത്തുന്നതിനുമുള്ള തുടർനടപടികളുടെ ഭാഗമായാണ് ക്യാംപയിനെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പൊലീസ് സ്റ്റേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ മജീദ് സുൽത്താൻ അൽ സുവൈദി വ്യക്തമാക്കി. റോഡ് മുറിച്ചുകടക്കുമ്പോൾ ജാഗ്രത പുലർത്തുകയും അനുവദിച്ചിട്ടുള്ള ക്രോസിങ്ങുകൾ മാത്രം ഉപയോഗിക്കുകയും ചെയ്യുന്നത് അപകടങ്ങൾ ഒഴിവാക്കാനും ജീവൻ സംരക്ഷിക്കാനും നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.