യാത്രക്കാർക്ക് ഡിജിറ്റൽ മികവേകി എയർ ഇന്ത്യ എക്സ്പ്രസ്; 'മികച്ച എഐ ഉപയോഗത്തിന്' പുരസ്കാരം

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡിജിറ്റൽ സഹായികയായ 'ടിയ' (Tia) എന്ന എഐ സംവിധാനത്തിനാണ് ഈ പുരസ്കാര നേട്ടം.

യാത്രക്കാർക്ക് ഡിജിറ്റൽ മികവേകി എയർ ഇന്ത്യ എക്സ്പ്രസ്; 'മികച്ച എഐ ഉപയോഗത്തിന്' പുരസ്കാരം

യാത്രക്കാർക്ക് എഐ സാങ്കേതികവിദ്യയിലൂടെ വേഗത്തിലും ലളിതമായും സേവനങ്ങൾ ലഭ്യമാക്കിയതിന് എയർ ഇന്ത്യ എക്സ്പ്രസിന് വീണ്ടും ആഗോള അംഗീകാരം ലഭിച്ചു. യുബിഎസ് ഫോറംസ് സംഘടിപ്പിച്ച 25-ാമത് ഉച്ചകോടിയിലാണ് വിമാനക്കമ്പനിയുടെ എഐ ഡിജിറ്റൽ സഹായികയായ 'ടിയ' (Tia) 'ഉപഭോക്ത്യ അനുഭവത്തിൽ എഐയുടെ മികച്ച ഉപയോഗം' എന്ന പുരസ്കാരം സ്വന്തമാക്കിയത്. ഡിജിറ്റൽ സേവനങ്ങൾ സുഗമമാക്കുന്നതിനായി 2021-ൽ ഇന്ത്യയിലെ ഒരു വിമാനക്കമ്പനി ആദ്യമായി അവതരിപ്പിച്ച ചാറ്റ്ബോട്ട് സംവിധാനമാണ് ടിയ. നിലവിൽ കമ്പനിക്ക് ലഭിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങളിൽ 75 ശതമാനത്തോളവും ഈ എഐ സംവിധാനം വഴി നേരിട്ട് പരിഹരിക്കപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമായ നേട്ടമാണ്.

ടിക്കറ്റ് ബുക്കിംഗ്, ക്യാൻസലേഷൻ, റീഫണ്ട് വിവരങ്ങൾ, ഫ്ലൈറ്റ് സ്റ്റാറ്റസ്, ബാഗേജ് സംശയങ്ങൾ തുടങ്ങി നൂറിലധികം കാര്യങ്ങൾ യാത്രക്കാർക്ക് ടിയ വഴി സ്വയം ചെയ്യാനാകും. വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, വാട്ട്‌സ്ആപ്പ്, കോൺടാക്ട് സെന്റർ എന്നിവയിലൂടെ 24 മണിക്കൂറും ലഭ്യമാകുന്ന ടിയ പ്രതിദിനം ശരാശരി 15,000-ത്തോളം അന്വേഷണങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പശ്ചിമേഷ്യൻ മേഖലയിലുണ്ടായ യാത്രാ തടസ്സങ്ങളുടെ സമയത്ത് ലഭിച്ച അന്വേഷണങ്ങളിൽ അഞ്ചിൽ നാലും വിജയകരമായി കൈകാര്യം ചെയ്യാനും യാത്രാ തീയതി മാറ്റൽ, റീ-ഷെഡ്യൂളിംഗ് തുടങ്ങിയ നടപടികൾ വേഗത്തിലാക്കാനും ടിയയ്ക്ക് സാധിച്ചിരുന്നു.

അടുത്തിടെ ബജറ്റ് വിമാനക്കമ്പനികൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന അംഗീകാരമായ സ്കൈട്രാക്സിന്റെ 'ഫോർ സ്റ്റാർ വേൾഡ് എയർലൈൻ റേറ്റിംഗ്' സ്വന്തമാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന് പുതിയ പുരസ്കാരം ഡിജിറ്റൽ രംഗത്തെ മികവിനുള്ള മറ്റൊരു തെളിവാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഭാഷകളിലുള്ള പിന്തുണയും വിപുലമായ സേവനങ്ങളും ടിയയിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.