ചരിത്രത്തിലാദ്യം! ഗുവാഹത്തിയിൽ നിന്നും ദുബായിലേക്കും അബുദാബിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു

അസമിലെ ഗുവാഹത്തിയില്‍ നിന്നും യുഎഇ നഗരങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ചരിത്രത്തിലാദ്യം! ഗുവാഹത്തിയിൽ നിന്നും ദുബായിലേക്കും അബുദാബിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു

ദുബായ്: വടക്കുകിഴക്കന്‍ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ആദ്യമായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അസമിലെ ഗുവാഹത്തിയില്‍ നിന്നും യുഎഇ നഗരങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് മാസം മുതല്‍ ഈ സര്‍വീസുകള്‍ നിലവില്‍ വരുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

പുതിയ റൂട്ടുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബര്‍ദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വലിയൊരു കുതിച്ചുചാട്ടമാകും ഇത് സമ്മാനിക്കുക. നിലവില്‍ ഇന്ത്യയുടെ കിഴക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതിനായി ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലെ കണക്റ്റിംഗ് ഫ്‌ലൈറ്റുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സമയലാഭത്തിനൊപ്പം ഈ യാത്രാക്ലേശത്തിന് വലിയൊരു പരിധി വരെ പരിഹാരമാകും. ഈ പുതിയ രണ്ട് റൂട്ടുകൾ കൂടി നിലവിൽ വരുന്നതോടെ യുഎഇ, തായ്ലൻഡ്, സിംഗപ്പൂർ, ഭൂട്ടാൻ എന്നീ നാല് വിദേശ രാജ്യങ്ങളിലേക്ക് ഗുവാഹത്തിയിൽ നിന്നും നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സൗകര്യം ലഭ്യമാകും.