ശത്രു ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി കുവൈത്ത്; സർക്കാർ കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണശ്രമം
വടക്കൻ കുവൈത്തിലെ ഒരു പ്രധാന സർക്കാർ കേന്ദ്രത്തെയും ബുബിയാൻ ദ്വീപിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളെയുമാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് അധികൃതർ അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ച ശത്രു ഡ്രോണുകൾ ശനിയാഴ്ച പുലർച്ചെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൃത്യസമയത്ത് നടത്തിയ ഇടപെടലിലൂടെ ആക്രമണ ഭീഷണി പൂർണമായും ചെറുക്കാനായതായി മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാൻ വ്യക്തമാക്കി.
വടക്കൻ കുവൈത്തിലെ ഒരു പ്രധാന സർക്കാർ കേന്ദ്രത്തെയും ബുബിയാൻ ദ്വീപിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളെയുമാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് അധികൃതർ അറിയിച്ചു. ഡ്രോണുകൾ തകർത്തതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ വീണ് ചില വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാക്കി. കുവൈത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കാൻ സായുധ സേന പൂർണ സജ്ജമാണെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിയുന്ന പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഏതൊരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും തകർക്കുന്ന പ്രകോപനപരമായ നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഇറാനോട് കുവൈത്ത് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിനുണ്ടെന്നും മന്ത്രാലയം ആവർത്തിച്ചു.
Comments ()