പ്രവാസികൾക്ക് ആശ്വാസമായി 'സാന്ത്വനം': ധനസഹായ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഒരുതവണ സാമ്പത്തിക സഹായം ഇതിലൂടെ ലഭിക്കും

പ്രവാസികൾക്ക് ആശ്വാസമായി 'സാന്ത്വനം': ധനസഹായ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളി പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന ഒരുതവണത്തെ അടിയന്തര സാമ്പത്തിക സഹായ പദ്ധതിയാണ് സാന്ത്വനം. മരണാനന്തര സഹായമായി അന്തരിച്ച പ്രവാസികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വരെയും, ചികിത്സ ആവശ്യങ്ങള്‍ക്കായി അരലക്ഷം (50,000) രൂപ വരെയും ഈ പദ്ധതിയിലൂടെ ലഭിക്കും.

കൂടാതെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്ക് 15,000 രൂപ വരെയും, ഭിന്നശേഷിയുള്ളവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 10,000 രൂപ വരെയും ധനസഹായം അനുവദിക്കുന്നു. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയവര്‍ക്കാണ് ഇതിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. കുടുംബ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കവിയരുത് എന്നും, അപേക്ഷ സമര്‍പ്പിക്കുമ്പോഴും സഹായധനം കൈപ്പറ്റുമ്പോഴും വ്യക്തി നാട്ടില്‍ ഉണ്ടായിരിക്കണം എന്നതുമാണ് പ്രധാന നിബന്ധനകള്‍.

എന്നാല്‍, ഈ പദ്ധതി വഴി മുന്‍പ് വൈദ്യസഹായം കൈപ്പറ്റിയ പ്രവാസി പിന്നീട് മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. മരിച്ച പ്രവാസി അവിവാഹിതനാണെങ്കില്‍ അപേക്ഷകന്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. വൈദ്യസഹായത്തിനാണ് അപേക്ഷിക്കുന്നതെങ്കില്‍ അന്വേഷണ സമയത്ത് ഒറിജിനല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബില്ലുകള്‍, അപേക്ഷകന്റെ ആധാര്‍ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവയാണ് പ്രധാന രേഖകള്‍. സാമ്പത്തിക സഹായം പ്രവാസിയുടെ ആശ്രിതര്‍ക്കാണ് ആവശ്യപ്പെടുന്നതെങ്കില്‍ ബന്ധുത്വ സര്‍ട്ടിഫിക്കറ്റും (റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമായും ഹാജരാക്കണം.

മരണ സഹായത്തിനാണെങ്കില്‍ പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെയോ ആധാറിന്റെയോ പകര്‍പ്പ്, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹമില്ലാത്ത സര്‍ട്ടിഫിക്കറ്റ് ( അന്വേഷണ സമയത്ത് ആവശ്യമെങ്കില്‍), അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് (അന്വേഷണ സമയത്ത് ആവശ്യമെങ്കില്‍), ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

അപേക്ഷിക്കുന്ന വിഭാഗത്തിനനുസരിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പൊതുവായി പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ ആവശ്യമാണ്. ഇവയ്ക്ക് പുറമെ, ചികിത്സാ സഹായത്തിന് ഒറിജിനല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ ബില്ലുകളും, വിവാഹ ധനസഹായത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റും വില്ലേജ് ഓഫീസില്‍ നിന്നുള്ള ബന്ധുത്വ സര്‍ട്ടിഫിക്കറ്റും, ഭിന്നശേഷി ഉപകരണങ്ങള്‍ക്ക് വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും നല്‍കണം. ആശ്രിതരാണ് അപേക്ഷിക്കുന്നതെങ്കില്‍ പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ, പരിശോധനാ വേളയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന അധിക രേഖകളും ഹാജരാക്കേണ്ടി വരും. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി ഓണ്‍ലൈനായി ഇതിലേക്ക് അപേക്ഷിക്കാം. പരിശോധിച്ച് ഉറപ്പുവരുത്തുന്ന വിജയകരമായ അപേക്ഷകള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുകയും തുടര്‍ന്ന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കുകയുമാണ് ചെയ്യുന്നത്.