പാസ്‌പോർട്ട് തിരികെ നൽകിയില്ലെങ്കിൽ നടപടി; ഖത്തറിൽ തൊഴിലുടമകൾക്ക് മുന്നറിയിപ്പ്

തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശം സൂക്ഷിക്കാൻ ഇരുകക്ഷികളും തമ്മിൽ പ്രത്യേക കരാറോ അതിന് നിയമപരമായ അനുമതി നൽകുന്ന രേഖയോ ഇല്ലെങ്കിൽ, റെസിഡൻസി നടപടികൾ പൂർത്തിയാക്കിയ ഉടൻ പാസ്‌പോർട്ട് തിരികെ നൽകണം

പാസ്‌പോർട്ട് തിരികെ നൽകിയില്ലെങ്കിൽ നടപടി; ഖത്തറിൽ തൊഴിലുടമകൾക്ക് മുന്നറിയിപ്പ്

ദോഹ: റെസിഡൻസ് പെർമിറ്റ് നടപടികൾ പൂർത്തിയായിട്ടും തൊഴിലാളികളുടെ പാസ്‌പോർട്ട് തിരികെ നൽകാത്ത തൊഴിലുടമകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്നവർക്ക് 25,000 ഖത്തർ റിയാൽ വരെ പിഴ ചുമത്താനാണ് വ്യവസ്ഥ. മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശം സൂക്ഷിക്കാൻ ഇരുകക്ഷികളും തമ്മിൽ പ്രത്യേക കരാറോ അതിന് നിയമപരമായ അനുമതി നൽകുന്ന രേഖയോ ഇല്ലെങ്കിൽ, റെസിഡൻസി നടപടികൾ പൂർത്തിയാക്കിയ ഉടൻ പാസ്‌പോർട്ട് തിരികെ നൽകണം. പെർമിറ്റ് പുതുക്കിയ ശേഷവും രേഖ തൊഴിലാളിക്ക് കൈമാറാതിരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റിലെ ഡിറ്റൻഷൻ വിഭാഗം മേധാവി മേജർ സൗദ് ഹമദ് അൽ ബുറൈദി അറിയിച്ചു.

തൊഴിൽ കരാറുകൾ കൃത്യമായി രേഖപ്പെടുത്തുക, റെസിഡൻസ് പെർമിറ്റ് നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുക, തൊഴിലാളികൾക്ക് മതിയായ താമസസൗകര്യം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിലും തൊഴിലുടമകൾ നിയമം പാലിക്കണം. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കുന്നത് നടപടികൾക്ക് ഇടയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമവിരുദ്ധമായി പാസ്‌പോർട്ട് കൈവശം വെച്ചിരിക്കുന്ന തൊഴിലുടമകളിൽ നിന്ന് രേഖ തിരികെ ലഭിക്കുന്നതിനായി തൊഴിലാളികൾക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ തടയുന്നതിനുമാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.