എയർ ട്രാഫിക് കൺട്രോൾ തകരാർ: ബ്രിട്ടനിൽ ആയിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി; യാത്രാദുരിതം രൂക്ഷം
തകരാർ പരിഹരിച്ചെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നും വരും ദിവസങ്ങളിലും കാലതാമസം തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ (ATC) സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആയിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. ഫ്ലൈറ്റ് പ്രൊസസിംഗ് സംവിധാനത്തിലെ തകരാർ വൈകുന്നേരത്തോടെ പരിഹരിച്ചതായി നാഷണൽ എയർ ട്രാഫിക് സർവീസസ് വ്യക്തമാക്കിയെങ്കിലും യുകെയിലെ പതിനഞ്ചോളം വിമാനത്താവളങ്ങളെ ഇത് സാരമായി ബാധിച്ചു. സർവീസുകൾ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും വരും മണിക്കൂറുകളിലും വലിയ തോതിലുള്ള കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ലണ്ടനിലെ ഹീത്രൂ, ഗാറ്റ്‌വിക്, സ്റ്റാൻസ്റ്റെഡ്, സിറ്റി വിമാനത്താവളങ്ങൾക്ക് പുറമേ മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ സർവീസുകളെയും തകരാർ പ്രതികൂലമായി ബാധിച്ചു. ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം വിമാനങ്ങൾക്കുള്ളിലും എയർപോർട്ട് ടെർമിനലുകളിലുമായി കുടുങ്ങിക്കിടന്നത്.
ഗാറ്റ്‌വിക് വിമാനത്താവളത്തിൽ നിന്ന് അയർലൻഡിലേക്ക് പുറപ്പെടേണ്ടിയിരുന്ന റയാൻഎയർ വിമാനത്തിലെ യാത്രക്കാർ മൂന്ന് മണിക്കൂറോളം വിമാനത്തിനുള്ളിൽ കഴിയേണ്ടി വരികയും പിന്നീട് സർവീസ് റദ്ദാക്കുകയും ചെയ്തു. ബാൾട്ടിമോറിലേക്ക് പോകേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേസ് വിമാനം നാല് മണിക്കൂറോളമാണ് റൺവേയിൽ കിടന്നത്.
തുടർ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ഹീത്രൂ വിമാനത്താവളത്തിൽ എത്തുന്ന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പുറപ്പെടുന്ന വിമാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ലഗേജുകൾ തിരികെ ലഭിക്കുന്നതിലും യാത്രക്കാർക്ക് വലിയ പ്രയാസങ്ങൾ നേരിട്ടു.
Comments ()