മകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് ദിവസങ്ങൾക്കകം മരണം; മെൽബണിൽ യുവതിക്കും ഭർതൃമാതാവിനും ദാരുണാന്ത്യം

ഇരുവരും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നേഹയെയും രമാദേവിയെയും രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറെയും അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നേഹയും രമാദേവിയും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചതായി അധികൃതർ അറിയിച്ചു

മകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് ദിവസങ്ങൾക്കകം മരണം; മെൽബണിൽ യുവതിക്കും ഭർതൃമാതാവിനും ദാരുണാന്ത്യം

വിശാഖപട്ടണം: ഓസ്ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിക്കും ഭർതൃമാതാവിനും ജീവൻ നഷ്ടപ്പെട്ടു. വിശാഖപട്ടണം സ്വദേശിനി നേഹ ബൊമ്മലി (33), ഭർതൃമാതാവ് രമാദേവി (67) എന്നിവരാണ് മരിച്ചത്. സെപ്റ്റംബർ 16ന് രാത്രി 9.40ഓടെയാണ് മെൽബണിന് സമീപം അപകടമുണ്ടായത്.

ഇരുവരും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നേഹയെയും രമാദേവിയെയും രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറെയും അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നേഹയും രമാദേവിയും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചതായി അധികൃതർ അറിയിച്ചു. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവർ ഇപ്പോൾ ചികിത്സയിലാണ്.

ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസിച്ചിരുന്നത്. മൂന്നര വയസ്സുള്ള മകനും ഒരു വയസ്സുള്ള മകളുമാണ് ദമ്പതികൾക്കുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുടുംബം മകളുടെ ഒന്നാം ജന്മദിനം ആഘോഷിച്ചത്. മകനും കുടുംബത്തിനുമൊപ്പം താമസിക്കാനായി രമാദേവിയും ഭർത്താവ് തുളസി പ്രസാദും അടുത്തിടെയാണ് ടൂറിസ്റ്റ് വിസയിൽ ഓസ്ട്രേലിയയിലെത്തിയത്.

ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് തുളസി പ്രസാദ്. വിശാഖപട്ടണം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ ഭാരവാഹി കൂടിയാണ്. അപകടത്തിൽ മരിച്ച നേഹയുടെയും രമാദേവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നടപടികൾ കുടുംബം ആരംഭിച്ചിട്ടുണ്ട്.