വ്യോമാക്രമണ ഭീഷണി; കുവൈത്തിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളെ നേരിടാൻ മുൻകൂട്ടി തയ്യാറാക്കിയ സുരക്ഷാ പദ്ധതികൾ അനുസരിച്ചാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വ്യോമപരിധിക്ക് നേരെയുണ്ടായ ആക്രമണ ഭീഷണിയെ തുടർന്ന് കുവൈത്ത് സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലേക്ക് മാറി. വ്യോമ പ്രതിരോധ സേനയെ സജ്ജമാക്കിയതായും സംശയാസ്പദമായ വ്യോമ ലക്ഷ്യങ്ങളെ നിരീക്ഷിച്ച് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളെ നേരിടാൻ മുൻകൂട്ടി തയ്യാറാക്കിയ സുരക്ഷാ പദ്ധതികൾ അനുസരിച്ചാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, സുരക്ഷാ ഏജൻസികളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് സർക്കാർ അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.
പ്രദേശത്തെ സുരക്ഷാ സാഹചര്യം ബന്ധപ്പെട്ട ഏജൻസികൾ തുടർച്ചയായി വിലയിരുത്തിവരികയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
Comments ()