അജ്മാൻ വാഹനാപകടം; കാൽ നഷ്ടപ്പെട്ട മലയാളി പ്രവാസിക്ക് 6.55 ലക്ഷം ദിർഹം നഷ്ടപരിഹാരം
38കാരനായ സുധീർ കഴിഞ്ഞ 15 വർഷമായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്നു. ലിഫ്റ്റ് ടെക്നീഷ്യനായി കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് അജ്മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു
ദുബായ്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇടതുകാൽ നഷ്ടപ്പെട്ട മലയാളി പ്രവാസിക്ക് ദുബായ് കോടതിയുടെ ഇടപെടലിലൂടെ 6,55,341 ദിർഹം നഷ്ടപരിഹാരം ലഭിച്ചു. ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള തുക കോടതി ചെലവുകൾ ഉൾപ്പെടെയാണ് അനുവദിച്ചത്. തുക പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. അതേസമയം, അപകടത്തെ തുടർന്നുള്ള ഭാവി വരുമാന നഷ്ടവും ചികിത്സാ ചെലവുകളും പരിഗണിച്ച് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് വീണ്ടും ഉയർന്ന കോടതിയുടെ പരിഗണനയിലാണ്.
38കാരനായ സുധീർ കഴിഞ്ഞ 15 വർഷമായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്നു. ലിഫ്റ്റ് ടെക്നീഷ്യനായി കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് അജ്മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. രണ്ട് കുട്ടികളുടെ പിതാവായ സുധീറിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായത് 2025 മേയിൽ ജോലിക്കായി കമ്പനി വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ അപകടമാണ്.
തൊഴിലാളികളുമായി ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലേക്ക് പാഞ്ഞുകയറി വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സുധീറിന്റെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റു. അടിയന്തരമായി ദുബായ് ജബൽ അലിയിലെ എൻഎംസി റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ മുട്ടിന് താഴെവച്ച് കാൽ മുറിച്ചുമാറ്റേണ്ടിവന്നു.
അപകടത്തെ തുടർന്ന് തൊഴിൽ തുടരാനുള്ള സാഹചര്യം നഷ്ടപ്പെട്ടതും ഭാവിയിലെ വരുമാനത്തെ ബാധിച്ചതും ശാരീരിക-മാനസിക ബുദ്ധിമുട്ടുകളും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളും ചൂണ്ടിക്കാട്ടിയാണ് ഇൻഷുറൻസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചത്. 10 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് കേസ് നൽകിയത്.
കേസ് പരിഗണിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ആദ്യം നാല് ലക്ഷം ദിർഹം നഷ്ടപരിഹാരം അനുവദിച്ചു. എന്നാൽ തുക മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിൽ പിന്നീട് നഷ്ടപരിഹാരം ആറ് ലക്ഷം ദിർഹമായി ഉയർത്തുകയായിരുന്നു. കോടതി ചെലവുകൾ ഉൾപ്പെടെ ലഭിച്ച ആകെ തുകയാണ് 6,55,341 ദിർഹം.
എന്നാൽ നഷ്ടപരിഹാര നടപടികൾ ഇതോടെ അവസാനിച്ചിട്ടില്ല. അപകടത്തിൽ വലതുകാലിനും ഗുരുതരമായ പരിക്കേറ്റിരുന്നുവെന്നും തുടർചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കൂടുതൽ തുക ആവശ്യപ്പെട്ട് ദുബായ് കോർട്ട് ഓഫ് കസേഷനിൽ വീണ്ടും അപ്പീൽ നൽകിയിരിക്കുന്നത്. ഭാവിയിലെ ചികിത്സാ ചെലവുകളും വരുമാന നഷ്ടവും കൂടി പരിഗണിക്കണമെന്നാണ് ആവശ്യം.
Comments ()