ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം; ഒമാനിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പുമായി അധികൃതർ
മോശം കാലാവസ്ഥ വാഹന ഗതാഗതത്തെയും ബാധിക്കാനിടയുണ്ട്. മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സമയത്ത് റോഡുകളിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു
മസ്കറ്റ്: ഒമാന്റെ വിവിധ മേഖലകളിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അറേബ്യൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തെ തുടർന്ന് അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു..
ഒക്ടോബർ 2 വൈകിട്ട് മുതൽ ഒക്ടോബർ 3 വരെ ഈ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ചിലയിടങ്ങളിൽ മഴ ഒറ്റപ്പെട്ട രീതിയിലായിരിക്കുമെങ്കിലും കാറ്റിന്റെ ശക്തി കൂടിയേക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
മോശം കാലാവസ്ഥ വാഹന ഗതാഗതത്തെയും ബാധിക്കാനിടയുണ്ട്. മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സമയത്ത് റോഡുകളിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ വാദികളിൽ വെള്ളം ഉയരാനും മലവെള്ളപ്പാച്ചിലുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷ ഉറപ്പാക്കണമെന്നും വെള്ളം കയറിയ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം പരിശോധിക്കാനും മുന്നറിയിപ്പുകൾ പാലിക്കാനും പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് വാദികളിൽ പ്രവേശിക്കുകയോ വെള്ളം ഒഴുകുന്ന ഭാഗങ്ങൾ മുറിച്ചുകടക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചു.
Comments ()