33 വർഷമായി പ്രവാസി,റിയാദിൽ മരിച്ച സാമൂഹിക പ്രവർത്തകന്റെ മൃതദേഹം നാട്ടിലെത്തിച്ചു
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്
കണ്ണൂർ: റിയാദിൽ അന്തരിച്ച കണ്ണൂർ മയ്യിൽ സ്വദേശി എ.വി. നാരായണൻ എന്ന മണിയുടെ (57) മൃതദേഹം നാട്ടിലെത്തിച്ചു. 33 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിച്ചിരുന്ന നാരായണൻ റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനൊപ്പം സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
സെപ്റ്റംബർ 29നാണ് താമസസ്ഥലത്ത് നാരായണൻ പെട്ടെന്ന് കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
കേളിയുടെ മലസ് ഏരിയ കമ്മിറ്റി അംഗമായിരുന്ന നാരായണൻ ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പ്രവാസികൾക്കിടയിലെ സാമൂഹിക ഇടപെടലുകളിലും സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ദുഃഖമായി.
കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണന്റെയും തമ്പായിയുടെയും മകനാണ് നാരായണൻ. ഭാര്യ മഞ്ജുള. മക്കൾ മഞ്ജിമ, മാനവ്. കമല, സാവിത്രി, ഗംഗാധരൻ, പരേതയായ നന്ദിനി എന്നിവരാണ് സഹോദരങ്ങൾ.
നാരായണന്റെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോലത്തുവയൽ സമുദായ ശ്മശാനത്തിൽ നടക്കും.
Comments ()