'എന്നെ തനിച്ചാക്കി പോകാൻ നീ തിരഞ്ഞെടുത്തതും അതേ ദിവസം തന്നെ...' വികാരഭരിതമായ കുറിപ്പുമായി ബസിടിച്ച് മരിച്ച അക്ഷരയുടെ ഭര്‍ത്താവ്‌

ഇരുവരും ഒരുമിച്ചെടുത്ത ആദ്യ ചിത്രത്തിനൊപ്പം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വികാരഭരിതമായ പോസ്റ്റ് വായിക്കുന്നവരുടെ കണ്ണുനിറയ്ക്കുകയാണ്.

'എന്നെ തനിച്ചാക്കി പോകാൻ നീ തിരഞ്ഞെടുത്തതും അതേ ദിവസം തന്നെ...' വികാരഭരിതമായ കുറിപ്പുമായി ബസിടിച്ച് മരിച്ച അക്ഷരയുടെ ഭര്‍ത്താവ്‌

കൊച്ചി: കാക്കനാട്ട് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് മരിച്ച ഐ.ടി. ജീവനക്കാരി അക്ഷരയുടെ വേർപാടിൽ ഹൃദയംതൊടും കുറിപ്പുമായി ഭർത്താവ് വരുൺ. ഇരുവരും ഒരുമിച്ചെടുത്ത ആദ്യ ചിത്രത്തിനൊപ്പം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വികാരഭരിതമായ പോസ്റ്റ് വായിക്കുന്നവരുടെ കണ്ണുനിറയ്ക്കുകയാണ്.

അക്ഷരയുടെ മരണം തനിക്ക് ഇനിയും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും പ്രിയപ്പെട്ടവളെ തിരികെ വേണമെന്നും അദ്ദേഹം സങ്കടത്തോടെ കുറിച്ചു. "നീ എന്നോട് ഇത് ചെയ്യേണ്ടതില്ലായിരുന്നു. ഞങ്ങളിൽ ആരോടും ഇത് ചെയ്യേണ്ടതില്ലായിരുന്നു. നിന്നെ തീവ്രമായി സ്‌നേഹിക്കുന്ന ഒരുപാട് ആളുകൾ നിനക്ക് ചുറ്റുമുണ്ടെന്ന് എനിക്കറിയാം. നിന്റെ ആ പുഞ്ചിരി, സംസാരം, ഊർജം, പാട്ട്... ഇതൊന്നും ഇനി ആരും കാണില്ലേ? എനിക്കിതൊന്നും ഇനി അനുഭവിക്കാൻ കഴിയില്ലേ?" വരുൺ ചോദിക്കുന്നു.

സാധാരണയായി നീണ്ട സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ലെന്ന് വ്യക്തമാക്കിയാണ് വരുൺ തന്റെ മനോവിഷമം പങ്കുവെച്ചത്. "തികച്ചും ശാന്തവും സുരക്ഷിതവുമായ ഏതെങ്കിലും ഒരിടത്തിരുന്ന് നീയിതൊക്കെ വായിക്കുന്നുണ്ടാകും എന്ന ചിന്തയിലാണ് ഞാനിതെഴുതുന്നത്. ഇത് വായിച്ചുകഴിഞ്ഞാൽ സമയം കിട്ടുമ്പോഴെല്ലാം എനിക്കൊരു അടയാളം തരണം, ദയവായി എന്റെ സ്വപ്നത്തിൽ ഒരിക്കലെങ്കിലും വരണം..." വരുണിന്റെ വാക്കുകൾ അക്ഷരയുടെ വിയോഗത്തിൽ തളർന്ന കുടുംബത്തിന്റെ ആഴത്തിലുള്ള വേദന വെളിപ്പെടുത്തുന്നതാണ്.

ഈ മാസം നാലാം തീയതിയാണ് അപകടമുണ്ടായത്. തൃശ്ശൂർ തോളൂർ പുളിഞ്ചേരി കായമ്പള്ളി സ്വദേശിയായ അക്ഷര (29) കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ അമിതവേഗത്തിൽ പാഞ്ഞെത്തിയ സ്വകാര്യ ബസ് അക്ഷരയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.