അടുത്ത രണ്ട് മാസം വൈദ്യുതി ക്ഷാമമില്ലെന്ന് കെഎസ്ഇബി; പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം തത്കാലം വേണ്ടെന്ന്
ഇതോടെ ജിഎൻഎ പ്ലാറ്റ്ഫോം വഴി വൈദ്യുതി വാങ്ങാനുള്ള നീക്കം തത്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ലഭ്യത സംബന്ധിച്ച നിലവിലെ സ്ഥിതി മുഖ്യമന്ത്രിയെ ധരിപ്പിച്ച് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും. അടുത്ത രണ്ട് മാസത്തേക്ക് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം നേരിടേണ്ട സാഹചര്യമില്ലെന്നും അതിനാൽ അടിയന്തരമായി പുറം സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്നുമാണ് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചതെന്നാണ് വിവരം. ഇതോടെ ജിഎൻഎ പ്ലാറ്റ്ഫോം വഴി വൈദ്യുതി വാങ്ങാനുള്ള നീക്കം തത്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
നേരത്തെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അടിയന്തരമായി ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറിൽ ഏർപ്പെടണമെന്നും മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യം നൽകിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിറ്റിന് 14.50 പൈസ നിരക്കിൽ വൈദ്യുതി നൽകാമെന്ന നിർദേശം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ ഇടപെട്ട് നിരക്ക് കുറയ്ക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. കരാർ വൈകിയാൽ നവംബർ മുതൽ പവർകട്ട് ഉൾപ്പെടെയുള്ള നടപടികൾ അനിവാര്യമാകുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് സുതാര്യമായ ടെൻഡർ നടപടികളും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയും ഇല്ലാതെ ജിഎൻഎ പ്ലാറ്റ്ഫോം വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കം വിവാദമായത്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ വേഗത്തിലാക്കുന്നതിനിടെയാണ് രാജമാണിക്യത്തിന് പകരം കെഎസ്ഇബി ചെയർമാനായി ചുമതലയേറ്റ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയെ നേരിൽ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചത്.
നിലവിലെ കണക്കുകൾ പ്രകാരം അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി ലഭ്യതയിൽ വലിയ കുറവ് ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നാണ് വിവരം. ഇതോടെ അടിയന്തരമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. നേരത്തെ ഉയർന്നുവന്ന വൈദ്യുതി ക്ഷാമ മുന്നറിയിപ്പിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അടിയന്തരമായി കരാറിലേക്ക് നീങ്ങേണ്ട സാഹചര്യം ഉണ്ടായത് എന്തുകൊണ്ടാണെന്നും ഇതിന് പിന്നിലെ സാഹചര്യങ്ങൾ എന്താണെന്നും പരിശോധിക്കാനാണ് നിർദേശം. നിലവിൽ ക്ഷാമസാധ്യതയില്ലെങ്കിൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി അടിയന്തര നടപടി ആവശ്യപ്പെട്ടതിന്റെ കാരണവും പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശമെന്നാണ് വിവരം.
Comments ()