മൂന്ന് മാസമായി കാണാതായ പതിനേഴുകാരനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്
കുട്ടിയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണസംഘം നടപടി ശക്തമാക്കിയത്
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുട്ടിയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണസംഘം നടപടി ശക്തമാക്കിയത്.
ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. മൊബൈൽ ഫോൺ വാങ്ങിവച്ചതിനെച്ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്ന് കാശിയിലേക്ക് പോകുകയാണെന്ന് കത്തെഴുതി വെച്ച ശേഷമാണ് വീട്ടിൽനിന്ന് പോയത്. ഏകദേശം 3,000 രൂപയും കൈവശമുണ്ടായിരുന്നതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു.
ശിവസൂര്യയെ കണ്ടെത്താൻ വാരണാസി, രാമേശ്വരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തലശേരി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിവിധ മേഖലകളിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചില്ല. ആദ്യഘട്ടത്തിൽ അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
തുടർന്ന് കുടുംബം അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 17ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നാൽ അന്വേഷണം ഏറ്റെടുത്ത ശേഷവും ശിവസൂര്യയെക്കുറിച്ച് നിർണായക വിവരം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് കുട്ടിയെ കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
Comments ()