ടിക്കറ്റ് എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക്; വിദ്യാർത്ഥിനിയെ പാതിവഴിയിലിറക്കിവിട്ട് കെഎസ്ആർടിസി

ബസ് സ്റ്റാൻഡിൽ ഒറ്റയ്ക്ക് രണ്ടുമണിക്കൂറോളം കാത്തുനിന്ന പെൺകുട്ടിയെ ഒടുവിൽ മാതാപിതാക്കൾ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

ടിക്കറ്റ് എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക്; വിദ്യാർത്ഥിനിയെ പാതിവഴിയിലിറക്കിവിട്ട് കെഎസ്ആർടിസി

ആലപ്പുഴ: എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത് കെഎസ്ആർടിസി ബസിൽ ഒറ്റയ്ക്ക് യാത്രചെയ്ത ബി കോം ഒന്നാംവർഷ വിദ്യാര്‍ത്ഥിനിയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. പന്തളം സ്വദേശിനിയായ പെൺകുട്ടിക്കാണ് കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഈ കടുത്ത ദുരനുഭവമുണ്ടായത്.

നവംബർ ഏഴിന് രാത്രി 8.30-ഓടെ ആർപിസി 332 നമ്പർ കെഎസ്ആർടിസി ബസ് ആലപ്പുഴയിലെത്തിയപ്പോൾ, സർവീസ് ഇവിടെ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ജീവനക്കാർ യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ പെൺകുട്ടിക്ക് യാതൊരുവിധ ബദൽ യാത്രാസൗകര്യവും ജീവനക്കാർ ഒരുക്കി നൽകിയില്ല. തുടർന്ന് ആലപ്പുഴ ബസ് സ്റ്റാൻഡിൽ ഭയത്തോടെ ഒറ്റയ്ക്ക് രണ്ടു മണിക്കൂറോളം കാത്തുനിന്ന പെൺകുട്ടിയെ, ഒടുവിൽ മാതാപിതാക്കൾ നേരിട്ടെത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

സംഭവത്തിന് പിന്നാലെ കുടുംബം ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ആലപ്പുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നും പിറ്റേദിവസം രാവിലെ 10 മണിക്ക് എത്താനാണ് മറുപടി നൽകിയതെന്നും കുടുംബം ആരോപിക്കുന്നു.

സംഭവമറിഞ്ഞ പന്തളത്തെ ഒരു പൊതുപ്രവർത്തകൻ നടത്തിയ അന്വേഷണത്തിൽ ബസ് ചേർത്തല ഡിപ്പോയുടേതാണെന്ന് കണ്ടെത്തുകയും അവിടുത്തെ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. റോഡിലെ തിരക്കുമൂലമാണ് സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ചതെന്നും ബസ് ഡിപ്പോയിൽ തിരിച്ചെത്തി ജീവനക്കാർ മടങ്ങിയെന്നുമായിരുന്നു അധികൃതരുടെ ആദ്യ വിശദീകരണം. എന്നാൽ പെൺകുട്ടിയെ പാതിവഴിയിൽ ഇറക്കിവിട്ട ജീവനക്കാരുടെ നിരുത്തരവാദപരമായ നടപടിയെ ചോദ്യം ചെയ്തതോടെ, ബസിന് തകരാർ സംഭവിച്ചതിനാലാണ് സർവീസ് നിർത്തിയതെന്ന് അവർ തിരുത്തിപ്പറഞ്ഞു.

ആലപ്പുഴയിലെ സ്റ്റേഷൻ മാസ്റ്റർ കുറ്റക്കാരായ ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ചേർത്തല ഡിപ്പോയിൽനിന്ന് നൽകിയ വിശദീകരണങ്ങളിലെ പൊരുത്തക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

യാത്രക്കാരിൽനിന്ന് മുഴുവൻ ടിക്കറ്റ് തുകയും ഈടാക്കിയ ശേഷം തുടർയാത്രാസൗകര്യം ഒരുക്കാതെ ജീവനക്കാർ മടങ്ങിയത് കടുത്ത അനാസ്ഥയാണ്. ഉത്തരവാദികളായ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വലിയ മാനസിക ബുദ്ധിമുട്ട് നേരിട്ട പെൺകുട്ടിക്ക് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കുടുംബം വനിതാ ശിശുക്ഷേമ, യുവജന, ഗതാഗത വകുപ്പുകൾക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഗതാഗത മന്ത്രിക്കും നേരിട്ട് പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.