അശ്രദ്ധയും അമിതവേഗവും; അക്ഷരയുടെ മരണത്തിൽ ബസ് ഡ്രൈവർക്കെതിരെ കടുത്ത നടപടിക്ക് നീക്കം

അപകടവുമായി ബന്ധപ്പെട്ട് ബിനോയ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് തൃശൂർ സ്വദേശിനിയും ഇൻഫോപാർക്കിലെ ഐടി ജീവനക്കാരിയുമായ അക്ഷര വാഹനാപകടത്തിൽ മരിച്ചത്

അശ്രദ്ധയും അമിതവേഗവും; അക്ഷരയുടെ മരണത്തിൽ ബസ് ഡ്രൈവർക്കെതിരെ കടുത്ത നടപടിക്ക് നീക്കം

കൊച്ചി: ഇൻഫോപാർക്കിലെ ഐടി ജീവനക്കാരി അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പൊലീസ്. ബസ് ഡ്രൈവർ ബിനോയിയുടെ ഡ്രൈവിങ് ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇൻഫോപാർക്ക് പൊലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി. അപകടത്തിന് കാരണം ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയും വീഴ്ചയുമാണെന്ന് പൊലീസ് കത്തിൽ ചൂണ്ടിക്കാട്ടി. ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടവുമായി ബന്ധപ്പെട്ട് ബിനോയ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് തൃശൂർ സ്വദേശിനിയും ഇൻഫോപാർക്കിലെ ഐടി ജീവനക്കാരിയുമായ അക്ഷര വാഹനാപകടത്തിൽ മരിച്ചത്. ജിമ്മിൽ വ്യായാമം പൂർത്തിയാക്കി താമസസ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് അക്ഷരയെ ഇടിച്ചുതെറിപ്പിച്ചത്.

ബസ് ഡ്രൈവറായ ബിനോയിക്കെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിയുമായി ബന്ധപ്പെട്ട കേസിലും അടിപിടിക്കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അപകടത്തിന്റെ സാഹചര്യങ്ങളും ഡ്രൈവറുടെ മുൻകാല കേസുകളും ഉൾപ്പെടെ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

അതേസമയം, സംഭവത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. നഗരത്തിലെ നടപ്പാതകളുടെ അപര്യാപ്തതയ്ക്ക് പൊതുമരാമത്ത് വകുപ്പിനും സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിനും വീഴ്ച സംഭവിച്ചെന്നുമാണ് പരാതിയിലെ ആരോപണം.

അക്ഷരയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷയും സ്വകാര്യ ബസുകളുടെ വേഗനിയന്ത്രണവും കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.