ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കുറുപ്പംപടി - കുറിച്ചിലക്കോട് റോഡിൽ കുറുപ്പംപടി ടൗണിനു സമീപമാണ് അപകടമുണ്ടായത്.
പെരുമ്പാവൂർ: കുറുപ്പംപടിയിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിനി മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസസിലെ ഒന്നാം വർഷ സോഷ്യോളജി വിദ്യാർഥിനിയും വൈക്കം പാറയ്ക്കൽ ആനിക്കാട് റോയിയുടെ മകളുമായ റിയ റോയ് (18) ആണ് മരിച്ചത്.
റിയയോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒന്നാം വർഷ ബികോം വിദ്യാർഥി രായമംഗലം പ്ലാപ്പറമ്പിൽ അലൻ ജോർജ് റോയിയെ (18) പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പംപടി - കുറിച്ചിലക്കോട് റോഡിൽ ടൗണിന് സമീപമായിരുന്നു അപകടം.
കോടനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷ വലതുവശത്തുള്ള ഇടറോഡിലേക്ക് തിരിഞ്ഞപ്പോൾ പിന്നാലെ വന്ന ഇവരുടെ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ റിയയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ മികച്ച ഗായികയായി അറിയപ്പെട്ടിരുന്ന വിദ്യാർഥിനിയാണ് റിയ.
Comments ()