വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

കൂത്താളി കുഞ്ഞോത്ത് കുയ്യോടൻ കണ്ടി കവിത (42) ആണ് മരിച്ചത്.

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

കൂത്താളിയിൽ ജപ്തി നടപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു. കൂത്താളി കുഞ്ഞോത്ത് കുയ്യോടൻ കണ്ടി കവിതയാണ് (42) മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ബാങ്ക് അധികൃതരും അഡ്വക്കറ്റ് കമ്മിഷനും പൊലീസും ചേർന്ന് കവിതയുടെ വീട്ടിൽ ജപ്തി നടപടികൾക്കായി എത്തിയിരുന്നു. നടപടികൾ പുരോഗമിക്കുന്നതിനിടയിൽ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവർ താമസിക്കുന്ന വീടിനു പിറകിലുള്ള പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്ന് വീടു നിർമാണത്തിനായി കവിത 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് പലിശയടക്കം ഈ തുക 50 ലക്ഷത്തോളം രൂപയായി ഉയർന്നിരുന്നു. ഇന്ന് ജപ്തി നടപടികൾക്കായി എത്തുമെന്ന് ബാങ്ക് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

പയ്യോളി സ്വദേശിനിയായ കവിത, വടകര കൈനാട്ടിയിലെ പെയിന്റ് കടയിലെ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ്. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. സംഭവത്തെത്തുടർന്ന് കവിതയുടെ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.