ഹൽദി ദിനത്തിൽ വധുവിന് ദാരുണാന്ത്യം; ക്ഷണക്കത്ത് നൽകാനിറങ്ങിയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു
അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരു: വിവാഹാഘോഷങ്ങളുടെ സന്തോഷവും തിരക്കുകളുമെല്ലാം നിറഞ്ഞുനിൽക്കേണ്ടിയിരുന്ന ഒരു വീട് നിമിഷനേരംകൊണ്ട് കണ്ണീർക്കടലായി മാറി. ബെംഗളൂരു ദീപാംജലിനഗറിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ സോഫ്റ്റ്വെയർ എൻജിനീയറായ യുവതിയും ബന്ധുവായ വിദ്യാർഥിനിയും ലോറി കയറി ദാരുണമായി കൊല്ലപ്പെട്ടു. സിന്ധുശ്രീ (29), അവസാന വർഷ ഡിപ്ലോമ വിദ്യാർഥിനിയും ബന്ധുവുമായ വിദ്യ (19) എന്നിവരാണ് മരണപ്പെട്ടത്. സിന്ധുശ്രീയുടെ വിവാഹത്തിന് തൊട്ടുമുമ്പ് നടന്ന ഈ വലിയ ദുരന്തം നാടിനെയാകെ നടുക്കത്തിലും സങ്കടത്തിലുമാക്കിയിരിക്കുകയാണ്.
വ്യാഴാഴ്ച കർണാടകയിലെ പരമ്പരാഗത ആചാരങ്ങളായ 'അരശിന ശാസ്ത്ര' (ഹൽദി), 'ബളെ ശാസ്ത്ര' (വളയിടൽ ചടങ്ങ്) എന്നിവയോടെ സിന്ധുശ്രീയുടെ വിവാഹച്ചടങ്ങുകൾക്ക് തുടക്കം കുറിക്കേണ്ടതായിരുന്നു. ഞായറാഴ്ച നടക്കാനിരുന്ന വിവാഹ സൽക്കാരത്തിനായി ദിവസങ്ങളായി വീടും ബന്ധുക്കളും വലിയ ഒരുക്കങ്ങളിലായിരുന്നു. ഒരാൾക്കുകൂടി വിവാഹക്ഷണക്കത്ത് നൽകാനുണ്ടെന്ന് പറഞ്ഞാണ് വ്യാഴാഴ്ച ഉച്ചയോടെ സിന്ധുശ്രീയും വിദ്യയും വീട്ടിൽനിന്നിറങ്ങിയത്. ബന്ധുവിന് ക്ഷണം നൽകാനായി അയൽവാസിയുടെ സ്കൂട്ടർ വാങ്ങിയാണ് ഇരുവരും യാത്ര തിരിച്ചത്. എന്നാൽ, ദീപാംജലിനഗറിന് സമീപം വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ഒരു ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സംഭവസ്ഥലത്തുതന്നെ ഇരുവരും മരണപ്പെട്ടു.
അപകടവിവരമറിഞ്ഞെത്തിയ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും നിലവിളി കരളലിയിക്കുന്നതായിരുന്നു. മകളുടെ വിവാഹച്ചടങ്ങുകൾ നടക്കേണ്ട ദിവസത്തിന്റെ തലേന്ന് മോർച്ചറിക്ക് മുന്നിൽ ചേതനയറ്റ് കിടക്കുന്ന മകളുടെ ശരീരത്തെ നോക്കി അച്ഛൻ നഞ്ചുണ്ടപ്പ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. "ഇന്ന് എന്റെ മകളുടെ ഹൽദി ചടങ്ങുകൾ നടക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ അവളെ ചിതയിലേക്കയക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. വീട് കല്യാണത്തിരക്കിലായിരുന്നു... ഇപ്പോൾ എല്ലാം തീർന്നു..." എന്ന ആ അച്ഛന്റെ വാക്കുകൾ ഏവരെയും സങ്കടക്കടലിലാഴ്ത്തി. അപകടത്തിന് പിന്നാലെ നിർത്താതെ ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Comments ()