കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ; തിരൂരിൽ പത്തൊൻപതുകാരിയും നാലംഗ സംഘവും അറസ്റ്റിൽ

കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ കാമുകിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ; തിരൂരിൽ പത്തൊൻപതുകാരിയും നാലംഗ സംഘവും അറസ്റ്റിൽ

തിരൂർ (മലപ്പുറം): കാമുകനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ യുവതിയെയും നാലംഗ സംഘത്തെയും തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി പെരുമുടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര നാദിയ (20), റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), പറവണ്ണ ബദനത്ത് അസറുദ്ദീൻ (25) എന്നിവരാണ് പിടിയിലായത്. പട്ടാമ്പി കൊണ്ടൂർകര സ്വദേശിയായ പത്തൊൻപതുകാരനാണ് ക്രൂരമർദനത്തിനിരയായത്.

സഫാന കഴിഞ്ഞ ദിവസം അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ കാമുകൻ പത്താം തീയതി അർധരാത്രിയോടെ സുഹൃത്തിനൊപ്പം തിരൂരിലെത്തി സഫാനയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഇവരെ കൂട്ടിക്കൊണ്ടുപോകാനെന്ന വ്യാജേന നാദിയയും കൂട്ടാളികളായ ഇർഷാദും അസറുദ്ദീനും റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി.

താഴേപ്പാലം ബൈപാസിലൂടെ ഒപ്പം നടന്ന സംഘം, യുവാക്കളെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. അവശനിലയിലായ കാമുകനെ പുലർച്ചെ ഒന്നരയോടെ താഴേപ്പാലത്ത് റോഡരികിൽ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിവരമറിയിച്ചതിനെത്തുടർന്ന് കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കാമുകൻ നിരന്തരം ശല്യം ചെയ്യുന്നതിനാലും തന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിനാലുമാണ് ക്വട്ടേഷൻ നൽകിയതെന്ന് സഫാന പൊലീസിന് മൊഴി നൽകി.