അൾജീരിയ–യുഎഇ ബന്ധം വഷളായി; നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ

നിലവിലുള്ള വാണിജ്യ കരാറുകൾ പരിഗണിച്ചാണ് വാണിജ്യ സർവീസുകൾക്ക് താൽക്കാലിക ഇളവ് നൽകിയത്. 2026 അവസാനത്തോടെ കരാർ കാലാവധി പൂർത്തിയാകുന്നതുവരെ ഈ ഇളവ് തുടരും

അൾജീരിയ–യുഎഇ ബന്ധം വഷളായി; നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ

അബുദാബി:അൾജീരിയയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വൻ പ്രതിസന്ധി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനി തുടരാനാകില്ലെന്ന് പ്രഖ്യാപിച്ച അൾജീരിയ, യുഎഇ അംബാസഡറോട് 48 മണിക്കൂറിനകം രാജ്യം വിടാൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം യുഎഇയുടെ രജിസ്ട്രേഷനുള്ള സൈനിക, സിവിലിയൻ വിമാനങ്ങൾക്ക് രാജ്യത്തിന്റെ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി.

നിലവിലുള്ള വാണിജ്യ കരാറുകൾ പരിഗണിച്ചാണ് വാണിജ്യ സർവീസുകൾക്ക് താൽക്കാലിക ഇളവ് നൽകിയത്. 2026 അവസാനത്തോടെ കരാർ കാലാവധി പൂർത്തിയാകുന്നതുവരെ ഈ ഇളവ് തുടരും. അതേസമയം, യുഎഇയുടെ ചില നടപടികൾ അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയെന്നും ബന്ധം മെച്ചപ്പെടുത്താൻ അൾജീരിയ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമ സഹാറയെ ചൊല്ലിയുള്ള തർക്കമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രധാന ഭിന്നതകളിലൊന്ന്. മൊറോക്കോയുടെ അവകാശവാദത്തെ യുഎഇ പിന്തുണയ്ക്കുമ്പോൾ പോളിസാരിയോ ഫ്രണ്ടിനാണ് അൾജീരിയയുടെ പിന്തുണ. ഇസ്രയേലുമായുള്ള യുഎഇയുടെ ബന്ധം, മൊറോക്കോയുമായുള്ള അടുത്ത സഹകരണം തുടങ്ങിയ വിഷയങ്ങളും അകൽച്ചയ്ക്ക് ആക്കം കൂട്ടി. എന്നാൽ അൾജീരിയൻ ജനതയോടുള്ള ബഹുമാനം തുടരുമെന്നും ഇപ്പോഴത്തെ സാഹചര്യം സ്ഥിരമായിരിക്കണമെന്നില്ലെന്നും യുഎഇ പ്രതികരിച്ചു. ബന്ധങ്ങൾ വ്യക്തതയോടെയും യുക്തിയോടെയും മുന്നോട്ടുപോകണമെന്നായിരുന്നു യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷിന്റെ പ്രതികരണം.