സൗദിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ വധശിക്ഷ നടപ്പാക്കി

മക്കയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി.

സൗദിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: ഭാര്യയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പിലാക്കി. മുസ്അബ് ബിൻ അബ്ദുല്ല ബിൻ സഫർ അൽ അബ്ദലി അൽ ഗാംദി എന്നയാളാണ് സ്വന്തം ഭാര്യ ഖുലൂദ് ബിൻത് മുഹമ്മദ് ബിൻ ഹംദാൻ അൽ ഗാംദിയെ വധിച്ചത്. വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഖുലൂദ് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. യാതൊരു ഭയവുമില്ലാതെ പൂർണ വിശ്വാസത്തോടെ കൂടെക്കഴിഞ്ഞ ഭാര്യയെ അപ്രതീക്ഷിതമായി ആക്രമിച്ചു കൊലപ്പെടുത്തിയ കുറ്റത്തിന് കീഴ്ക്കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു.

തുടർന്ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയത്. രാജ്യത്ത് ക്രമസമാധാനവും നീതിയും ഉറപ്പാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും നിരപരാധികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്നവർക്കെതിരെ കർശന ഇസ്ലാമിക നിയമനടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.