ആമസോൺ കാടുകളിൽ നിന്ന് ഗ്രാമത്തിലേക്ക് ആദിവാസികൾ; ഭക്ഷണം തേടിയെത്തിയത് ഇരുപതോളം പേർ, അപൂർവ സംഭവം!

സംഭവത്തിന്റെ ദൃശ്യങ്ങൾ ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സർവൈവൽ ഇന്‍റർനാഷണൽ പുറത്തുവിട്ടതോടെയാണ് സംഭവം ആഗോളശ്രദ്ധ നേടിയത്

ആമസോൺ കാടുകളിൽ നിന്ന് ഗ്രാമത്തിലേക്ക് ആദിവാസികൾ; ഭക്ഷണം തേടിയെത്തിയത് ഇരുപതോളം പേർ, അപൂർവ സംഭവം!

ബ്രസീൽ: പുറംലോകവുമായി ബന്ധമില്ലാതെ ആമസോൺ മഴക്കാടുകളിൽ കഴിയുന്ന അവാ ആദിവാസി വിഭാഗത്തിലെ ഇരുപതോളം പേർ ഭക്ഷണം തേടി ജനവാസ മേഖലയിലെത്തിയത് വലിയ ചർച്ചയാകുന്നു. ബ്രസീലിലെ മാരൻഹാവോ സംസ്ഥാനത്തുള്ള അരാരിബോയ മേഖലയിലെ ഗ്രാമത്തിലാണ് ഇവർ അപ്രതീക്ഷിതമായി എത്തിയത്. ഗ്രാമവാസികളോട് ഭക്ഷണം ചോദിച്ച സംഘം ചേന വാങ്ങിയശേഷം വീണ്ടും കാട്ടിലേക്ക് മടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സർവൈവൽ ഇന്‍റർനാഷണൽ പുറത്തുവിട്ടതോടെയാണ് സംഭവം ആഗോളശ്രദ്ധ നേടിയത്.

പുറത്തുനിന്നുള്ള മനുഷ്യരുമായി സമ്പർക്കം പുലർത്താതെ കഴിയുന്ന അവാ വിഭാഗത്തിലെ അംഗങ്ങൾ സാധാരണയായി ജനവാസ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെടാറില്ല. അതിനാൽ തന്നെ ഇവരുടെ ഗ്രാമത്തിലേക്കുള്ള വരവ് അസാധാരണമായ സംഭവമാണെന്നാണ് സംഘടനയുടെ വിലയിരുത്തൽ. സമീപകാല ചരിത്രത്തിൽ ഈ വിഭാഗത്തിൽപ്പെട്ടവർ ഇത്തരത്തിൽ ഭക്ഷണം ആവശ്യപ്പെട്ട് ഗ്രാമത്തിലെത്തിയ മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കാടിനുള്ളിൽ ഭക്ഷണം കണ്ടെത്താനുള്ള സാഹചര്യം കുറഞ്ഞതോ അവരുടെ താമസമേഖലകളിലേക്ക് പുറത്തുനിന്നുള്ളവർ കടന്നുകയറിയതോ ആകാം ഇവരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സംശയം.

അവാ ആദിവാസികൾ ഇപ്പോൾ വലിയ അതിജീവന പ്രതിസന്ധിയിലാണെന്ന് സർവൈവൽ ഇന്‍റർനാഷണൽ ഡയറക്ടർ കരോലിൻ പിയേഴ്സ് പറഞ്ഞു. അവരുടെ പരമ്പരാഗത താമസമേഖലകളിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റം തുടരുകയാണ്. ഇതിന്റെ ഫലമായി ഒരുകാലത്ത് വിശാലമായിരുന്ന വനപ്രദേശങ്ങളിൽ നിന്ന് കൂടുതൽ ചെറിയ ഇടങ്ങളിലേക്ക് ഇവർക്ക് മാറേണ്ടിവരുന്നു. സ്വന്തം ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതും പുറത്തുനിന്നുള്ള സമ്മർദവും ഒറ്റപ്പെട്ട് കഴിയുന്ന സമൂഹങ്ങളുടെ ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കുകയാണെന്നും അവർ വ്യക്തമാക്കി.

സർവൈവൽ ഇന്‍റർനാഷണലിന്റെ കണക്കനുസരിച്ച് ലോകത്ത് പത്തോളം രാജ്യങ്ങളിലായി 196 ആദിവാസി വിഭാഗങ്ങൾ പുറംലോകവുമായി സ്ഥിരമായ ബന്ധമില്ലാതെ ജീവിക്കുന്നുണ്ട്. ഇവരിൽ ഏകദേശം 95 ശതമാനവും ആമസോൺ മേഖലയിലാണ് കഴിയുന്നത്. അതിനാൽ ഇത്തരം സമൂഹങ്ങളുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചകൾ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് മാരൻഹാവോയിലെ ആദിവാസി സംഘടനയായ കോഅപിമ മുന്നറിയിപ്പ് നൽകി.

പുറത്തുനിന്നുള്ളവരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച് പുറംലോകത്ത് സാധാരണമായ രോഗങ്ങൾക്കെതിരെ ആവശ്യമായ പ്രതിരോധശേഷി ഇല്ലാത്തതിനാൽ രോഗവ്യാപനം വലിയ ഭീഷണിയാകാം. കൂടാതെ അവരുടെ സുരക്ഷയും പരമ്പരാഗത ജീവിതരീതിയും അപകടത്തിലാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ സർക്കാർ ഏജൻസികൾ ഇത്തരം സംഭവങ്ങളിൽ ഉത്തരവാദിത്തത്തോടെയും കൃത്യമായ മുൻകരുതലുകളോടെയും ഇടപെടണമെന്നാണ് ആദിവാസി സംഘടനകളുടെ ആവശ്യം.