യുകെയിലെ വിമാനത്താവളത്തിൽ മലയാളി അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

വിമാനത്താവള അധികൃതർ ഉടൻ സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

യുകെയിലെ വിമാനത്താവളത്തിൽ  മലയാളി അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

ലണ്ടൻ: പ്രമുഖ മലയാളി അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ പ്രഫസർ ഡോ. ജോയി കൊച്ചുകണ്ടത്തിൻകര ജോസഫ് (72) യുകെയിലെ ബർമിങ്ങാം വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് അന്തരിച്ചു. യുകെയിലെ റെഡിച്ചിൽ കുടുംബസമേതം താമസിച്ചിരുന്ന അദ്ദേഹം, നാട്ടിൽനിന്നുള്ള യാത്രകഴിഞ്ഞ് വ്യാഴാഴ്ച വൈകുന്നേരം മടങ്ങിയെത്തിയപ്പോഴാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. വിമാനമിറങ്ങിയ ശേഷം ലഗേജുകൾക്കായി കാത്തുനിൽക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വിമാനത്താവള അധികൃതർ ഉടൻ സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ജീവൻരക്ഷാ ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവിനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയ മകനെ തേടിയെത്തിയത് അപ്രതീക്ഷിതമായ ഈ വിയോഗവാർത്തയായിരുന്നു.

കോട്ടയം ജില്ലയിലെ അരുവിത്തറ സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം കഴക്കൂട്ടത്താണ് താമസിച്ചിരുന്നത്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിൽ പ്രഫസറായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം യുകെയിലേക്ക് താമസം മാറിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് ബിരുദവും, മദ്രാസ് സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും, കേരള സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും അദ്ദേഹം കരസ്ഥമാക്കി.

യുകെയിലെത്തിയ ശേഷം യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ, കവൻട്രി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് തുടങ്ങിയ പ്രമുഖ ബ്രിട്ടിഷ് സർവകലാശാലകളിൽ അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം, ലണ്ടനിലെ ബിസിനസ് സ്കൂൾ ഓഫ് ഇംഗ്ലണ്ടിൽ ഗവേഷണ വിഭാഗത്തിന്റെ മേൽനോട്ടച്ചുമതലയും വഹിച്ചിട്ടുണ്ട്. ഓർഗനൈസേഷനൽ സൈക്കോളജി, ഫിനാൻസ്, മാനവവിഭവശേഷി എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മികച്ച പ്രഭാഷകനും ഗവേഷകനുമായിരുന്നു. ജനീവയിൽ നടന്ന ലോകസമാധാന സമ്മേളനത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തിയിട്ടുള്ള അദ്ദേഹം കൗൺസിലിങ്, പരിശീലനം, എഴുത്ത് എന്നീ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഭാര്യ: മേരി ജീൻ. മക്കൾ: ഷാരോൺ ജോയി, റോമി ജോയി, റെമോ ജോയി. മരുമക്കൾ: ആഷേലി, അല്ലി സി. കോശി, ജോസ്ന ജെയിംസ്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.