കോഴിക്കോട് തിരുവമ്പാടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും പരിക്ക്
അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും പരിക്കേറ്റു.
കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരിച്ചു. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
തിരുവമ്പാടി ലിസി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആനക്കാംപൊയിൽ സ്വദേശിയായ രോഗിയെ നഗരത്തിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലെ വൈദ്യുത പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ സുബൈർ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണ്ണമായും തകർന്നു. ആംബുലൻസ് ഡ്രൈവർ, നഴ്സ്, ഒപ്പമുണ്ടായിരുന്ന രോഗി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
Comments ()