സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു: 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഒൻപത് ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം അതിശക്തമായി തുടരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ബാക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു.
അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥയും കടൽക്ഷോഭ സാധ്യതയും പ്രമാണിച്ച് കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
Comments ()