വിമാനത്തിലെ സാഹസിക ചെറുത്തുനിൽപ്പ്: പൈലറ്റ് സ്മിത് മച്ചാറിനും മോദിക്കും ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം

സിവിലിയന്‍ ധീരതയ്ക്കുള്ള പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം നല്‍കി ആദരിക്കാനായിരുന്നു തീരുമാനം

വിമാനത്തിലെ സാഹസിക ചെറുത്തുനിൽപ്പ്: പൈലറ്റ് സ്മിത് മച്ചാറിനും മോദിക്കും ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം ധീരമായി ചെറുത്ത വിമാനത്തിലെ പ്രധാന പൈലറ്റും ഇന്ത്യക്കാരനുമായ സ്മിത് മച്ചാറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചെന്നും ക്ഷണത്തിന് അദ്ദേഹം നന്ദി അറിയിച്ചതായും നെതന്യാഹു എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി. കരയിലും ആകാശത്തിലും ഇന്ത്യയും ഇസ്രയേലും ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടുകയാണെന്ന് മോദി പറഞ്ഞതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ അദ്ദേഹം പ്രശംസിച്ചതായും നെതന്യാഹു കൂട്ടിച്ചേർത്തു.

നേരത്തെ, സിവിലിയൻ ധീരതയ്ക്കുള്ള പ്രസിഡൻഷ്യൽ പുരസ്കാരം നൽകി ആദരിക്കുന്നതിനായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗും സ്മിത് മച്ചാറിനെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു.

സെപ്റ്റംബർ 30-നായിരുന്നു വാർത്തകൾക്കിടയാക്കിയ സംഭവം നടന്നത്. 174 യാത്രക്കാരുമായി ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാൻ സഹപൈലറ്റ് ശ്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് പ്രധാന പൈലറ്റായ സ്മിത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റത്. കോക്പിറ്റിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടും മച്ചാർ ധീരതയോടെ കോക്പിറ്റിന്റെ വാതിൽ തുറക്കുകയും, യാത്രക്കാരുടെയും ജീവനക്കാരുടെയും സഹായത്തോടെ സഹപൈലറ്റിനെ കീഴടക്കുകയുമായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തിൽ പരിക്കേറ്റ സ്മിത് മച്ചാർ നിലവിൽ യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.