അമിത് ഷാ കൊല്ലത്ത്; ഇന്ന് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം
ഈ ഭാഗങ്ങളിൽ റോഡരികിലെ പാർക്കിങ്ങിനും പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണം മറികടക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പ്രത്യേക ബദൽ റൂട്ടുകളും നിർദേശിച്ചിട്ടുണ്ട്
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് വിപുലമായ ഗതാഗത ക്രമീകരണങ്ങൾ. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് പ്രധാന നിയന്ത്രണങ്ങൾ നിലവിലുണ്ടാകുക. ചിന്നക്കട മുതൽ ആറുമുറിക്കട വരെയുള്ള റോഡിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും.
ഈ ഭാഗങ്ങളിൽ റോഡരികിലെ പാർക്കിങ്ങിനും പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണം മറികടക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പ്രത്യേക ബദൽ റൂട്ടുകളും നിർദേശിച്ചിട്ടുണ്ട്.
കൊട്ടാരക്കരയിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ അമ്പലത്തുംകാലയിൽ നിന്ന് കരിപ്ര, മടന്തകോഡ്, നെടുമൺകാവ്, നല്ലില, പാലമുക്ക്, കണ്ണനല്ലൂർ വഴി പോകണം. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും ആറുമുറിക്കടയിൽ നിന്ന് കുഴിമതിക്കാട്, പി.കെ.പി കവല, യു.പി.എസ് ജങ്ഷൻ, പെരുമ്പുഴ, കണ്ണനല്ലൂർ റൂട്ടാണ് നിർദേശിച്ചിരിക്കുന്നത്.
കണ്ണനല്ലൂരിൽ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പുഴയിൽ നിന്ന് തിരിഞ്ഞ് പി.കെ.പി ജങ്ഷൻ, കുഴിമതിക്കാട്, ആറുമുറിക്കട വഴി യാത്ര തുടരണം. ഭരണിക്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ ചീരങ്കാവ്, പവിത്രേശ്വരം വഴിയാകും പോകേണ്ടത്. ഭരണിക്കാവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്നവർ മൂന്നുമുക്കിൽ നിന്ന് പവിത്രേശ്വരം, ചീരങ്കാവ് വഴി യാത്ര ചെയ്യണം. കൊല്ലം ഭാഗത്തേക്ക് പോകുന്നവർ പേരയം, ഇളമ്പള്ളൂർ, അഞ്ചാലുംമൂട് റൂട്ടും ഉപയോഗിക്കണം.
കൊല്ലത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് സാരഥി ജങ്ഷനിൽ നിന്ന് മൊയ്തീൻമുക്ക്, പെരുമ്പുഴ, പി.കെ.പി ജങ്ഷൻ, കുഴിമതിക്കാട്, ആറുമുറിക്കട വഴിയാണ് നിർദേശിച്ചിരിക്കുന്നത്. അഞ്ചാലുംമൂട്, കൊറ്റങ്കര, മാമ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കായും പ്രത്യേക ബദൽ റൂട്ടുകൾ ഒരുക്കിയിട്ടുണ്ട്. ഇളമ്പള്ളൂർ രണ്ട്റോഡ്, മൂന്നുമുക്ക്, പുത്തൂർ, കേരളപുരം കെ.പി.പി ജങ്ഷൻ തുടങ്ങിയ വഴികളിലൂടെയാണ് ഈ വാഹനങ്ങൾ തിരിച്ചുവിടുക.
സന്ദർശനത്തിന്റെ ഭാഗമായി കൊല്ലത്ത് വിവിധ പരിപാടികളിലും അമിത് ഷാ പങ്കെടുക്കും. കുണ്ടറയിലെ പവിത്രം കൺവൻഷൻ സെന്ററിൽ നടക്കുന്ന വനിതാ സഹകരണ സംരംഭവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ഉച്ചയ്ക്ക് ശേഷം അദ്ദേഹം പങ്കെടുക്കുന്നത്. തുടർന്ന് മാതാ അമൃതാനന്ദമയീ മഠത്തിലെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. മന്ത്രിയുടെ യാത്രയും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്താണ് നഗരത്തിലും സമീപ മേഖലകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Comments ()