2029ലെ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് അധികാരത്തിലെത്താനാകില്ല; രാഹുൽ ഗാന്ധിക്കെതിരെ അമിത് ഷായുടെ പരിഹാസം
ദില്ലിയിലെ വ്യാപാര മേഖലയെ കോൺഗ്രസ് തകർത്തുവെന്നും അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിൽ പോലും രാഹുൽ ഗാന്ധിക്ക് അധികാരത്തിലെത്താനാകില്ലെന്നും അമിത് ഷാ ആരോപിച്ചു
ദില്ലി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയം നേരിടുമെന്നും പ്രതിപക്ഷത്തിരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. ദില്ലിയിലെ വ്യാപാര മേഖലയെ കോൺഗ്രസ് തകർത്തുവെന്നും അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിൽ പോലും രാഹുൽ ഗാന്ധിക്ക് അധികാരത്തിലെത്താനാകില്ലെന്നും അമിത് ഷാ ആരോപിച്ചു.
കോൺഗ്രസിനെതിരെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും വിമർശനവുമായി രംഗത്തെത്തി. ജനാധിപത്യത്തിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ താൽപര്യങ്ങളേക്കാൾ മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരുടെ കാര്യത്തിലാണ് പാർട്ടിക്ക് താൽപര്യമെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്നും നിതിൻ നബീൻ കുറ്റപ്പെടുത്തി. കേരളം, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ വിജയിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിജയമായി ചിത്രീകരിക്കുന്ന കോൺഗ്രസ്, മറ്റ് സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിടുമ്പോൾ ജനാധിപത്യം ഭീഷണിയിലാണെന്ന് ആരോപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ജനാധിപത്യത്തെ വ്യാഖ്യാനിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും നിതിൻ നബീൻ ആരോപിച്ചു.
ദില്ലിയിൽ നടന്ന രാംലീല റാലിയെ വിമർശിച്ച് ബിജെപി നേതാവ് ജെ.പി. നദ്ദയും രംഗത്തെത്തി. രാജ്യത്ത് അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നിലപാടുകൾ കാരണം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയാണെന്നും ഉത്സവകാലത്ത് ദില്ലിയിലെ വ്യാപാര മേഖലയെ സ്തംഭിപ്പിക്കുന്ന തരത്തിലാണ് റാലി സംഘടിപ്പിച്ചതെന്നും നദ്ദ കുറ്റപ്പെടുത്തി. വലിയ ജനക്കൂട്ടത്തെ നഗരത്തിലെത്തിച്ച് വ്യാപാരികളുടെ ഉപജീവനത്തെ ബാധിക്കുന്നതിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments ()