‘ഞാൻ മരിക്കുന്നു, മറ്റൊരു വിവാഹം കഴിക്കണം’: പതിനെട്ടാം നിലയില്‍നിന്ന് ചാടി അമ്മയും മകനും മരിച്ചു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ - 1056, 0471- 2552056
പുണെ: പാർപ്പിട സമുച്ചയത്തിന്റെ പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും മരിച്ചു. വാക്കഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാംഗെ ചൗക്കിൽ സ്ഥിതിചെയ്യുന്ന 'സിഗ്നേച്ചർ പാർക്ക്' സൊസൈറ്റിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
രാജസ്ഥാൻ സ്വദേശികളായ കുടുംബം കഴിഞ്ഞ രണ്ടു വർഷമായി ഈ കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് താമസിച്ചുവന്നിരുന്നത്. യുവതിയുടെ ഭർത്താവ് പുണെയിലെ യേർവാഡയിൽ ഐടി ജീവനക്കാരനായി ജോലി ചെയ്യുകയാണ്.
സംഭവ ദിവസം യുവതിയും മകനും ലിഫ്റ്റിൽ കയറി പതിനെട്ടാം നിലയിലേക്ക് പോകുന്നത് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ടെറസിന് സമീപത്തെ ഗാലറിയിൽനിന്ന് ചാടുന്നതിന് മുൻപ് ഇരുവരും ചെരിപ്പുകൾ അഴിച്ചുവെച്ച നിലയിലാണ് സിസിടിവിയിൽ കാണുന്നത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരുടെ വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ നട്ടെല്ലിനെ ബാധിച്ച ഗുരുതരമായ രോഗത്തിന് ചികിത്സയിലാണെന്നും, തന്റെ മരണശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കണമെന്നും കത്തിൽ കുറിച്ചിട്ടുണ്ട്. സംഭവത്തിൽ വാക്കഡ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Comments ()