പരീക്ഷയ്ക്ക് മുന്‍പ് ഫോണ്‍ കോള്‍; എംബിഎ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

23 വയസ്സുള്ള എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ് സർവകലാശാലയുടെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

പരീക്ഷയ്ക്ക് മുന്‍പ് ഫോണ്‍ കോള്‍; എംബിഎ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ജയ്പുർ: രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയായ 23 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജയ്പുരിലെ ഗുർജാർ കി താഡി പ്രേം നഗർ സ്വദേശിനിയാണ് ഇവർ. സംഭവത്തെ തുടർന്ന് നടക്കാനിരുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു.

മിഡ് സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് വിദ്യാർഥിനിക്ക് ഒരു ഫോൺ കോൾ വന്നിരുന്നതായി പൊലീസ് പറഞ്ഞു. കോളിനു പിന്നാലെ പെൺകുട്ടി പരീക്ഷാ ഹാളിൽ കയറാതെ കെട്ടിടത്തിന്റെ ആറാം നിലയിലേക്ക് പോവുകയായിരുന്നു.

പെൺകുട്ടി കെട്ടിടത്തിന് മുകളിൽനിന്ന് ചാടാൻ ശ്രമിക്കുന്നത് കണ്ട സഹപാഠികളും മറ്റു വിദ്യാർഥികളും തടയാൻ പരമാവധി ശ്രമിച്ചെങ്കിലും അതിവേഗം താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പൊലീസ് വ്യക്തമാക്കി. ഉടൻതന്നെ സർവകലാശാലയുടെ വാഹനത്തിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.