കുഞ്ഞുങ്ങളുടെ അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാര; പോഷകാഹാര വിതരണത്തിൽ മാറ്റത്തിന് നീക്കം
നിലവിൽ അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാര അടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, അത് കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യണമെന്ന ശുപാർശയാണ് വകുപ്പ് ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിരിക്കുന്നത്
തിരുവനന്തപുരം: അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം പൊടിയുടെ ഘടനയിൽ മാറ്റം വരുത്താൻ വനിത-ശിശു വികസന വകുപ്പ് ആലോചിക്കുന്നു. നിലവിൽ അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാര അടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, അത് കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യണമെന്ന ശുപാർശയാണ് വകുപ്പ് ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിരിക്കുന്നത്.
കുഞ്ഞുങ്ങൾ ചെറുപ്രായത്തിൽ തന്നെ അമിതമായി പഞ്ചസാര കഴിക്കുന്നത് ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾക്കും മധുരഭക്ഷണങ്ങളോടുള്ള അമിത താൽപര്യത്തിനും കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പോഷകാഹാര കിറ്റുകളിൽ നിന്ന് പഞ്ചസാര ഒഴിവാക്കാൻ വനിത-ശിശു വികസന മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യം പരിഗണിച്ച് അങ്കണവാടികളിലെ പോഷകാഹാര വിതരണത്തിൽ മാറ്റം വരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
നിലവിലെ അമൃതം പൊടിയുടെ ഘടനയിൽ 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയ ചങ്ക്സ്, 20 ശതമാനം പഞ്ചസാര എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആറുമാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിദിനം 135 ഗ്രാം വരെ കുറുക്കായോ പലഹാരമായോ നൽകാനാണ് ശുപാർശ. ഈ അളവിൽ ഏകദേശം 27 ഗ്രാം പഞ്ചസാര കുട്ടിയുടെ ശരീരത്തിലെത്തും. ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കും ഇത്രയും പഞ്ചസാര നൽകുന്നത് പുനഃപരിശോധിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാമെന്ന നിർദേശവും വകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് പോഷകമൂല്യം നിലനിർത്തുന്നതിനൊപ്പം ആരോഗ്യപരമായ ആശങ്കകളും കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ കുടുംബശ്രീ മുഖേനയാണ് അമൃതം പൊടി നിർമ്മിച്ച് അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ചെലവിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.
അതേസമയം, അമൃതം പൊടി വീട്ടിലും തയ്യാറാക്കാൻ സാധിക്കും. ഗോതമ്പ് (225 ഗ്രാം), കടലപ്പരിപ്പ് (75 ഗ്രാം), കശുവണ്ടിപ്പരിപ്പ് (50 ഗ്രാം), സോയ ചങ്ക്സ് (50 ഗ്രാം) എന്നിവ പ്രത്യേകം വറുത്ത് പൊടിച്ചെടുക്കുകയാണ് വേണ്ടത്. സോയ ചങ്ക്സ് ചെറുതായി പൊടിച്ചശേഷം വറുക്കുന്നതാണ് ഉചിതം. പഞ്ചസാര ഉപയോഗിക്കണമെന്നില്ല; പകരം ശർക്കരയോ കരുപ്പെട്ടിയോ ചേർക്കാം. തയ്യാറാക്കിയ പൊടി തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം. ഏഴു മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് കുറുക്കായും മുതിർന്ന കുട്ടികൾക്ക് വിവിധ പലഹാരങ്ങളിൽ ചേർത്തും ഇത് ഉപയോഗിക്കാവുന്നതാണ്.
Comments ()