പഞ്ചസാരയും കൊഴുപ്പും കൂടുതലാണോ? പാക്കറ്റിന് മുന്നിൽ ഇനി ചുവപ്പ് ലേബൽ നിർബന്ധം
ഭക്ഷണപദാർത്ഥങ്ങളിൽ ചേർത്തിട്ടുള്ള പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ നിശ്ചിത പരിധിയിൽ കൂടുതലായാൽ പാക്കറ്റിന് മുൻവശത്ത് നിർബന്ധമായും ചുവപ്പ് നിറത്തിലുള്ള ലേബൽ പതിപ്പിക്കണമെന്നാണ് നിർദ്ദിഷ്ട നിയമം വ്യവസ്ഥ ചെയ്യുന്നത്
പാക്കറ്റ് ഭക്ഷണസാധനങ്ങളിൽ പോഷകവിവരങ്ങളും മുന്നറിയിപ്പുകളും നൽകുന്ന 'ഫ്രണ്ട്-ഓഫ്-ദി-പാക്ക് ലേബലിംഗ്' (FoPL) നിയമങ്ങൾ ഒറ്റ ഘട്ടമായി നടപ്പിലാക്കാൻ ഭാരതീയ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) സുപ്രീം കോടതിയിൽ ശുപാർശ ചെയ്തു. കരട് നിയമങ്ങൾക്ക് അന്തിമരൂപം നൽകാൻ നാല് മാസത്തെ സമയം ആവശ്യപ്പെട്ട അതോറിറ്റി, പുതിയ മാറ്റങ്ങളിലേക്ക് മാറാൻ ഭക്ഷ്യ ഉൽപ്പാദകർക്ക് 365 ദിവസത്തെ (ഒരു വർഷം) പരിവർത്തന കാലയളവും നിർദ്ദേശിച്ചിട്ടുണ്ട്.
പുതിയ നിബന്ധനകൾ പ്രകാരം പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ നിശ്ചിത പരിധിയിൽ കൂടുതലുള്ള ഉൽപ്പന്നങ്ങളിൽ കാനഡ മാതൃകയിൽ വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന ഷഡ്ഭുജ (Hexagon) ലേബൽ നിർബന്ധമാക്കും. കൂടാതെ, കലോറിയില്ലാത്ത കൃത്രിമ മധുരങ്ങൾ അടങ്ങിയ പാനീയങ്ങളിലും ഭക്ഷണസാധനങ്ങളിലും "കലോറി ഇല്ലാത്ത മധുരം അടങ്ങിയിരിക്കുന്നു" എന്ന പ്രത്യേക മുന്നറിയിപ്പ് വാചകവും പാക്കറ്റിന് മുന്നിൽ രേഖപ്പെടുത്തണം.
Comments ()