ദയാവധം വരെ നിർദേശിച്ച കുട്ടിയാനയ്ക്ക് ഇനി ചികിത്സയുടെ പ്രതീക്ഷ; അനന്ത് അംബാനിയുടെ വൻതാരയിലേക്ക് വിമാനയാത്ര
വീഴ്ചയിൽ തോളിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കുട്ടിയാനയുടെ ആരോഗ്യനില മോശമായിരുന്നു. ജന്മനാ അസ്ഥിവൈകല്യമുള്ള ആന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തിയത്
പത്തനംതിട്ട: ഗുരുതരമായി പരിക്കേറ്റ് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റും. ഇന്ന് പ്രത്യേക ക്രമീകരണങ്ങളോടെയാണ് ആനയെ കേരളത്തിൽ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നത്.
വീഴ്ചയിൽ തോളിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കുട്ടിയാനയുടെ ആരോഗ്യനില മോശമായിരുന്നു. ജന്മനാ അസ്ഥിവൈകല്യമുള്ള ആന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തിയത്. കേരളത്തിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി നേരത്തെ ദയാവധം നിർദേശിച്ചിരുന്നു. എന്നാൽ കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി പിന്നീട് വൻതാരയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
നിലവിൽ സ്വയം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്തതിനാൽ ക്രെയിൻ ഉപയോഗിച്ചാകും കുട്ടിയാനയെ ലോറിയിലേക്ക് മാറ്റുക. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച ശേഷം പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ജാംനഗറിലേക്ക് എയർലിഫ്റ്റ് ചെയ്യും. ഉച്ചയ്ക്ക് രണ്ടുമണിയോടെ വിമാനം വൻതാരയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വനംവകുപ്പിന്റെ പ്രത്യേക സംഘം കുട്ടിയാനയ്ക്കൊപ്പം വൻതാരയിലേക്ക് യാത്ര ചെയ്യും. അവിടെ വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെടുകയും പൂർണമായി സുഖം പ്രാപിക്കുകയും ചെയ്താൽ കുട്ടിയാനയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികളുണ്ടാകും.
Comments ()