ഇടിമിന്നലും ശക്തമായ കാറ്റും, ഞായറാഴ്ച വരെ മഴ തുടരും; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്

ഇടിമിന്നലും ശക്തമായ കാറ്റും, ഞായറാഴ്ച വരെ മഴ തുടരും; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഞായറാഴ്ച ഇടുക്കിയിലും യെല്ലോ അലർട്ട് ബാധകമായിരിക്കും.

24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. നവംബർ എട്ടുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. നവംബർ ഒൻപത്, പത്ത് തീയതികളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കും.

അതേസമയം,കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച (നവംബർ 6) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.