‘ആദം നീ എവിടെയാകുന്നു?’ ഇനി ഇംഗ്ലീഷിലും; വി.ഡി. സതീശന്റെ പുസ്തകം അന്താരാഷ്ട്ര വായനക്കാരിലേക്ക്

മലയാളം പതിപ്പ് പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനകം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയ ശേഷമാണ് കൃതി ഇംഗ്ലീഷിലേക്കും എത്തുന്നത്

‘ആദം നീ എവിടെയാകുന്നു?’ ഇനി ഇംഗ്ലീഷിലും; വി.ഡി. സതീശന്റെ പുസ്തകം അന്താരാഷ്ട്ര  വായനക്കാരിലേക്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ രചിച്ച ശ്രദ്ധേയമായ ഗ്രന്ഥം ‘ആദം നീ എവിടെയാകുന്നു?’ ഇനി ഇംഗ്ലീഷ് ഭാഷയിലും വായനക്കാരിലേക്ക്. ‘Adam, Where Art Thou?’ എന്ന പേരിൽ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഡിസി ബുക്സ് പുറത്തിറക്കി. മലയാളം പതിപ്പ് പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനകം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയ ശേഷമാണ് കൃതി ഇംഗ്ലീഷിലേക്കും എത്തുന്നത്.

റൗഫ് റൂമിയാണ് പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ ദൈവം ഉന്നയിക്കുന്ന ‘ആദം, നീ എവിടെയാകുന്നു?’ എന്ന ചോദ്യത്തെ അടിസ്ഥാനമാക്കി മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവും പ്രകൃതിയോടുള്ളതുമായ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഗ്രന്ഥത്തിന്റെ പ്രമേയം.

ഹൈന്ദവ വിശ്വാസിയായ ഒരു ജനകീയ നേതാവ് ബൈബിൾ സന്ദേശങ്ങളെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങൾ പുസ്തകമായി രൂപപ്പെടുത്തിയതാണ് കൃതിയുടെ പ്രത്യേകതയെന്ന് പ്രസാധകർ പറയുന്നു. ദുരിതമനുഭവിക്കുന്ന മനുഷ്യരിലേക്ക് കരുണയോടെ എത്തിച്ചേരുന്ന സുവിശേഷ മൂല്യങ്ങളും ഇന്നത്തെ മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളും ലളിതമായ ഭാഷയിൽ ഗ്രന്ഥം അവതരിപ്പിക്കുന്നു.

മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി റോയ് മാത്യുവാണ് വി.ഡി. സതീശന്റെ പ്രഭാഷണങ്ങളെ പുസ്തകരൂപത്തിലേക്ക് ക്രമീകരിച്ചത്. മൂലകൃതിയിലെ ആശയങ്ങൾക്കും പ്രസംഗശൈലിക്കും മാറ്റം വരുത്താതെയാണ് റൗഫ് റൂമി ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചതെന്ന് ഡിസി ബുക്സ് വ്യക്തമാക്കി. അന്താരാഷ്ട്ര വായനാസമൂഹത്തിലേക്ക് കൃതിയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.