സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കൊയിലാണ്ടി നടേരി സ്വദേശി ബിജു (49) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ, രോഗി സമീപകാലത്ത് യാത്ര നടത്തിയതായോ കുളങ്ങൾ, പുഴകൾ തുടങ്ങിയ ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തതായോ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

അമീബിക് മസ്തിഷ്‌ക ജ്വരത്തിന് പ്രധാനമായും നൈഗ്ലേറിയ ഫൗളേറിയും അക്കാന്തമീബയും എന്ന സൂക്ഷ്മജീവികളാണ് കാരണമാകുന്നത്. ഇവ മൂലമുണ്ടാകുന്ന രോഗം ഗുരുതര സ്വഭാവമുള്ളതും മരണസാധ്യത കൂടുതലുള്ളതുമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കടുത്ത പനി, ശക്തമായ തലവേദന, ഛർദി, കഴുത്ത് മുറുകൽ, ബോധക്ഷയം, വെളിച്ചം സഹിക്കാനാകാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. രോഗബാധ തടയാൻ സംശയാസ്പദമായ ജലാശയങ്ങളിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.