അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്.

അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം കണ്ടെടുത്തതിനെ തുടർന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ഓഫീസിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനിടെ കൊച്ചിയിലെ ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. എഫ്.ഐ.ആറിന്റെ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി വേണമെന്ന് വാശിപിടിച്ച ആന്റോ നടപടികളോട് സഹകരിക്കാൻ വിസമ്മതിച്ചു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ എഫ്.ഐ.ആറുമായി സ്ഥലത്തെത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിനു ശേഷം ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കിയ ആന്റോയെ വയനാട്ടിലെത്തിച്ച് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിൽ നിലവിൽ ആന്റോ മാത്രമാണ് പ്രതിയെന്ന് എക്സൈസ് സ്ഥിരീകരിച്ചു.

അബ്കാരി ആക്ട് പ്രകാരമുള്ള 55A, 55I, 58 എന്നീ ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായി മദ്യക്കടത്ത നടത്തുകയോ കൈവശം വെക്കുകയോ ചെയ്യുന്നതിന് (55A) 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. അനധികൃത മദ്യവിൽപ്പനയോ ഇതിനായി സൂക്ഷിക്കലോ (55I), നികുതി വെട്ടിച്ച മദ്യം സൂക്ഷിക്കൽ (58) എന്നിവയാണ് മറ്റു കുറ്റങ്ങൾ.