സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും : മന്ത്രി സണ്ണി ജോസഫ്
ഹിമാചൽ പ്രദേശ് സർക്കാർ തരാമെന്ന് പറയുന്ന 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണെന്നും അതുകൊണ്ട് കേരളത്തിന് അധികം പ്രയോജനം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്നും സ്ഥിതിഗതികൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഹിമാചൽ പ്രദേശ് വാഗ്ദാനം ചെയ്ത 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്തായതിനാൽ, രാത്രിയിലെ ഉയർന്ന ഉപഭോഗം പരിഹരിക്കാൻ ഇത് ഉപകരിക്കില്ല. ഈ സാഹചര്യത്തിൽ വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് തുടരുമെന്ന് മന്ത്രി വ്യക്തത വരുത്തി.
അടുത്ത മാസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് കൂടുതൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വരും മാസത്തെ പീക്ക് സമയത്തേക്ക് 600 മെഗാവാട്ടിനും, രാത്രി 12 മുതൽ രാവിലെ വരെയ ലഭ്യതയ്ക്കായി 900 മെഗാവാട്ടിനും, രാപ്പകൽ ലഭ്യതയ്ക്കായി 300 മെഗാവാട്ടിനുമാണ് പ്രധാനമായും ടെൻഡർ വിളിച്ചിട്ടുള്ളത്. ക്ഷണിച്ച ടെൻഡറിന്റെ പകുതിയെങ്കിലും ലഭ്യമായാൽ വരും മാസങ്ങളിൽ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ.
അടുത്ത മാസത്തെ പീക്ക് സമയത്തേക്ക് 588 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് രണ്ട് ഘട്ടങ്ങളിലായി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ വേനൽക്കാലത്ത് കടമെടുത്ത വൈദ്യുതി തിരിച്ചടയ്ക്കുന്നത് ഈ മാസത്തോടെ അവസാനിക്കുന്നതിനാൽ 250 മെഗാവാട്ട് വൈദ്യുതി കൂടി ബോർഡിന് അധികമായി ലഭ്യമാകും. ഇത് വരും ദിവസങ്ങളിൽ കെ.എസ്.ഇ.ബിക്ക് വലിയ ആശ്വാസമാകും.
Comments ()