അനുമതിയില്ലാത്ത ഡ്രോണുകൾ വെടിവെച്ചിടാം: കുവൈത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ
കുവൈത്തിൽ ഡ്രോണുകൾ, ലൈറ്റ് സ്പോർട്ട് എയർക്രാഫ്റ്റുകൾ, എയർ സ്പോർട്സ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയ നിയമം നിലവിൽ വന്നു.
കുവൈത്തിൽ ഡ്രോണുകൾ, ലൈറ്റ് സ്പോർട്ട് എയർക്രാഫ്റ്റുകൾ, എയർ സ്പോർട്സ് എന്നിവയുടെ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി പുതിയ നിയമം നിലവിൽ വന്നു. ഇനിമുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനോ ഇറക്കുമതി, നിർമ്മാണം, അസംബ്ലി, മോഡിഫിക്കേഷൻ എന്നിവ നടത്താനോ പാടില്ല. എല്ലാ ഉപകരണങ്ങളും സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നേടേണ്ടതും ഓപ്പറേറ്റർമാർ ആവശ്യമായ ലൈസൻസുകൾ സ്വന്തമാക്കേണ്ടതുമാണ്.
ലൈസൻസില്ലാതെ ഇവ പ്രവർത്തിപ്പിച്ചാൽ രണ്ട് വർഷം വരെ തടവും 1,000 മുതൽ 2,000 കുവൈത്തി ദിനാർ വരെ പിഴയും ഈടാക്കും. വിമാനത്താവളങ്ങൾ, നിരോധിത മേഖലകൾ, സൈനിക കേന്ദ്രങ്ങൾ എന്നിവയ്ക്ക് മുകളിലൂടെയോ പ്രത്യേക അനുമതിയില്ലാതെ രാത്രിയിലോ പറത്തുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഡ്രോണുകളെ തടയാനും ആവശ്യമാണെങ്കിൽ വെടിവെച്ചിടാനും സുരക്ഷാ സേനയ്ക്ക് അധികാരം നൽകിയിട്ടുണ്ട്. നിലവിലുള്ള ഡ്രോൺ ഉടമകൾക്ക് നിയമം പാലിക്കുന്നതിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദമായ ചട്ടങ്ങൾ ഈ വർഷാവസാനത്തോടെ പുറത്തിറങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments ()