യുഎഇയിൽ വേനൽക്കാല ഉച്ചവിശ്രമ സമയം അവസാനിച്ചു
ഈ കാമ്പെയ്‌നിന്റെ ഭാഗമായി രാജ്യത്തുടനീളം 12,000-ത്തിലധികം വിശ്രമകേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്.
അബുദാബി: വേനൽച്ചൂടിൽ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി യുഎഇയിൽ നടപ്പാക്കി വന്ന വാർഷിക ഉച്ചവിശ്രമ നിയമം അവസാനിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നീണ്ടുനിന്ന പദ്ധതിയിൽ ഉച്ചയ്ക്ക് 12.30 മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേറ്റുള്ള ജോലികൾക്കാണ് വിലക്കേർപ്പെടുത്തിയിരുന്നത്. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവും സ്വകാര്യ മേഖലയും കൈകോർത്ത് ഡെലിവറി ജീവനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കായി രാജ്യത്തുടനീളം 12,000-ത്തിലധികം സൗജന്യ വിശ്രമകേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. തണലുള്ള വിശ്രമസ്ഥലങ്ങൾ, എസി സൗകര്യം, ആവശ്യത്തിന് കുടിവെള്ളം, പ്രഥമശുശ്രൂഷാ സാമഗ്രികൾ എന്നിവ തൊഴിലുടമകൾ നിർബന്ധമായും ലഭ്യമാക്കിയിരുന്നു.
വേനൽക്കാലത്ത് തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ പദ്ധതി വലിയ വിജയമായിരുന്നുവെന്ന് തൊഴിൽ സംരക്ഷണ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ദലാൽ അൽ ഷെഹി വ്യക്തമാക്കി. കമ്പനികൾ മികച്ച സഹകരണമാണ് നിയമം നടപ്പിലാക്കുന്നതിൽ നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, തടസ്സപ്പെടുത്താൻ സാധിക്കാത്ത അവശ്യ സേവന മേഖലകളെ മാത്രമാണ് കർശന നിബന്ധനകളോടെ ഉച്ചവിശ്രമത്തിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയും ഡാറ്റ നിരീക്ഷണവും പ്രയോജനപ്പെടുത്തി നിയമലംഘനങ്ങൾ തടയാൻ മന്ത്രാലയം ശ്രദ്ധിക്കുകയും, പൊതുജനങ്ങൾക്കായി പരാതികൾ അറിയിക്കാൻ സൗജന്യ സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. ഈ നിയന്ത്രണങ്ങളിലൂടെ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ യുഎഇ മാതൃകാപരമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
Comments ()