ബാബ് അൽ മൻദബ് അടച്ചാൽ പ്രത്യാഘാതം ഗുരുതരം; ലോകം ഒന്നിക്കണമെന്ന് ഖത്തർ
സമുദ്രസഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രാലയം അറിയിച്ചു
ദോഹ: ഹോർമുസ് കടലിടുക്കിന് പിന്നാലെ ബാബ് അൽ മൻദബും അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടായാൽ ആഗോളതലത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. പ്രധാന സമുദ്രപാതകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് സാധാരണമായി കാണാനാകില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന് അത് അംഗീകരിക്കാനാകില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമുദ്രസഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
ഹോർമുസ് കടലിടുക്ക് അടച്ചതിന്റെ പ്രത്യാഘാതങ്ങൾ ലോകം ഇതിനകം നേരിടുന്ന സാഹചര്യത്തിൽ ബാബ് അൽ മൻദബിലെ ഗതാഗതവും നിലച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ പറഞ്ഞു. ഇരു കടലിടുക്കുകളിലൂടെയുമുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ആഗോളതലത്തിൽ വ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജലപാതകളുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും സമാധാന ശ്രമങ്ങൾക്കായി ലഭിക്കുന്ന ഓരോ അവസരവും ഉപയോഗപ്പെടുത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു. മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കുന്ന സമഗ്രമായ കരാറിന്റെ ആവശ്യകതയും ഖത്തർ ആവർത്തിച്ചു.
ഇതിനിടെ ബാബ് അൽ മൻദബ് കടലിടുക്കുമായി ബന്ധപ്പെട്ട് ആശങ്ക വർധിപ്പിക്കുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹൂതികൾ മേഖലയിൽ മൈനുകൾ സ്ഥാപിക്കുന്നതായും തീരപ്രദേശങ്ങളിൽ ട്രഞ്ചുകൾ ഒരുക്കി നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ കടലിടുക്ക് അടയ്ക്കാനുള്ള നീക്കമുണ്ടാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതേസമയം ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി ഭൂഗർഭ ആണവ കേന്ദ്രങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇറാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
Comments ()