ഹോർമൂസിന് പിന്നാലെ ചെങ്കടലും പൂട്ടാൻ ഹൂതികൾ: ബാബ് അൽ മന്ദബിൽ മൈൻ കെണികൾ; കടുത്ത ആശങ്കയിൽ ഇന്ത്യ
ഹോർമൂസ് കടലടക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അൽ മന്ദബും അടയ്ക്കുമോ എന്ന് ആശങ്കയിൽ ലോക രാജ്യങ്ങൾ. കടലിടുക്കിൽ ഹൂതികൾ മൈനുകൾ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ജിബൂട്ടിയിലെ ബാബ് അൽ മന്ദബ് കടലിടുക്കിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയ്ക്കും വൻ ഭീഷണിയാകുന്നു. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്കു പിന്നാലെ ബാബ് അൽ മന്ദബിലും ഹൂതികൾ മൈനുകൾ സ്ഥാപിക്കുകയും നിരീക്ഷണ സംവിധാനങ്ങളോടെ ട്രഞ്ചുകൾ നിർമിക്കുകയും ചെയ്തതോടെ ഈ പാതയും അടയ്ക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
വ്യാപാര ആവശ്യങ്ങൾക്ക് ഈ സമുദ്രപാതയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യ, മേഖലയിലെ സംഘർഷങ്ങളും കപ്പൽ ഗതാഗത തടസ്സവും വലിയ സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്ന് കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും അന്താരാഷ്ട്ര സമുദ്രപാതകളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെടുകയും ചെയ്തു. സമുദ്രപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും ഹോർമൂസ് അടഞ്ഞതിന്റെ ആഘാതങ്ങൾക്ക് പുറമേ ബാബ് അൽ മന്ദബ് കൂടി തടസ്സപ്പെട്ടാൽ താങ്ങാനാവില്ലെന്നും വ്യക്തമാക്കിയ ഖത്തർ, ജലപാതകൾ സുരക്ഷിതമാക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. അതിനിടെ, തുടർച്ചയായ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാനെന്ന വിശദീകരണത്തോടെ ഭൂഗർഭ ആണവനിലയങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇറാൻ നീക്കം നടത്തുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments ()