ടിം കുക്കിന് പകരം ജോൺ ടെർണസ്; ആപ്പിളിന് പുതിയ സിഇഒ

2011ലാണ് സ്റ്റീവ് ജോബ്സിന് പിന്നാലെ ടിം കുക്ക് ആപ്പിളിന്റെ സിഇഒ പദവിയിലെത്തിയത്. കമ്പനിയുടെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതൽ വിപുലീകരിച്ച കാലഘട്ടമായിരുന്നു കുക്കിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്

ടിം കുക്കിന് പകരം ജോൺ ടെർണസ്; ആപ്പിളിന് പുതിയ സിഇഒ

കാലിഫോർണിയ: ദീർഘകാലത്തെ നേതൃത്വത്തിന് ശേഷം ആപ്പിളിന്റെ ചുമതല കൈമാറി ടിം കുക്ക്. 15 വർഷം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കുക്ക് സ്ഥാനമൊഴിഞ്ഞതോടെ സെപ്റ്റംബർ ഒന്ന് മുതൽ ജോൺ ടെർണസ് പുതിയ സിഇഒയായി ചുമതലയേൽക്കും. അതേസമയം, ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി ടിം കുക്ക് തുടരും.

2011ലാണ് സ്റ്റീവ് ജോബ്സിന് പിന്നാലെ ടിം കുക്ക് ആപ്പിളിന്റെ സിഇഒ പദവിയിലെത്തിയത്. കമ്പനിയുടെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതൽ വിപുലീകരിച്ച കാലഘട്ടമായിരുന്നു കുക്കിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്. ആപ്പിൾ വാച്ച്, എയർപോഡ്സ്, ഹോംപോഡ്, എയർടാഗ്, വിഷൻ പ്രോ തുടങ്ങിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചതും ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി ഉൾപ്പെടെയുള്ള സേവനങ്ങൾ ശക്തിപ്പെടുത്തിയതും ഈ കാലയളവിലാണ്.

കമ്പനിയുടെ വിപണി മൂല്യത്തിലും കുക്കിന്റെ കാലത്ത് വലിയ വളർച്ചയുണ്ടായി. ആപ്പിളിന്റെ ആഗോള ബിസിനസ് വിപുലീകരിക്കുന്നതിലും ഉത്പന്ന നിര വികസിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ജോൺ ടെർണസ് 2001ലാണ് ആപ്പിളിന്റെ പ്രൊഡക്ട് ഡിസൈൻ ടീമിന്റെ ഭാഗമായത്. പിന്നീട് ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗത്തിൽ ഉയർന്ന ഉത്തരവാദിത്തങ്ങളിലേക്ക് എത്തിയ അദ്ദേഹം ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച്, മാക് തുടങ്ങിയ പ്രധാന ഉത്പന്നങ്ങളുടെ വികസനത്തിൽ നിർണായക പങ്കാളിയായി.

2021ൽ ആപ്പിളിന്റെ എക്സിക്യൂട്ടീവ് നേതൃത്വനിരയിലും ടെർണസ് ഇടം നേടി. ഹാർഡ്‌വെയർ വികസന മേഖലയിലെ ദീർഘകാല പരിചയവും കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളുമായി അടുത്ത ബന്ധവുമാണ് അദ്ദേഹത്തെ സിഇഒ സ്ഥാനത്തേക്ക് എത്തിക്കുന്നതിൽ പ്രധാനമായത്.

1998ലാണ് ടിം കുക്ക് ആപ്പിളിൽ എത്തിയത്. സ്റ്റീവ് ജോബ്സിന്റെ കാലത്ത് തന്നെ കമ്പനിയുടെ നിർണായക പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന കുക്ക് പിന്നീട് ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് കമ്പനികളിലൊന്നാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇനി പുതിയ നേതൃത്വത്തിന് കീഴിൽ ആപ്പിൾ മുന്നോട്ടുപോകുമ്പോൾ കുക്കിന്റെ അനുഭവസമ്പത്ത് എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിൽ കമ്പനിക്ക് തുടർന്നും ലഭിക്കും.