ഷുക്കൂർ വധക്കേസ്: പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെ 18 പേര് കുറ്റവിമുക്തർ, 13 പേർ കുറ്റക്കാർ
കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്
കൊച്ചി: രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെ വിട്ടു. ഇവർക്കെതിരെ ആരോപിക്കപ്പെട്ട ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടെ നിർണ്ണായക വിധി. കേസിൽ ആകെ 13 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ കുറ്റവിമുക്തരാക്കി.
ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ് എന്നിവരടക്കം ഏഴ് പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ.പി. ദിനേശൻ (മൈന ദിനേശൻ), പന്ത്രണ്ടാം പ്രതി ബിജുമോൻ (വടി ബിജു), പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരാണ് കൊലക്കുറ്റം തെളിഞ്ഞ മറ്റ് പ്രതികൾ. ഇവർക്ക് പുറമെ രാധാകൃഷ്ണൻ (14), സജിത് (16), വി.വി. മോഹനൻ (25), പുരുഷോത്തമൻ (26), അജിത് കുമാർ (27), പി.പി. സുരേശൻ (28) എന്നിവരെയും വിവിധ വകുപ്പുകൾ പ്രകാരം കോടതി കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്.
2012 ഫെബ്രുവരി 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് അരിയിലിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പ്രതികാരമായി 23-കാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെക്കുകയും, ഫോട്ടോ എടുത്ത് ആളെ ഉറപ്പാക്കിയ ശേഷം 'പാർട്ടി കോടതി' വിധി നടപ്പാക്കുന്ന രീതിയിൽ കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ കേസിൽ 33 പ്രതികൾക്കെതിരെയാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രസ്താവിച്ചത്.
Comments ()