12 വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടും കുറ്റകൃത്യങ്ങൾ തുടർന്നു, പൊലീസിന് തലവേദന, ബാലരാമപുരത്തെ ഗുണ്ടയ്ക്ക് കാപ്പ
പുന്നയ്ക്കാട് പറയരുകോണത്ത് മേലെ പുതുവൽ പുത്തൻവീട്ടിൽ താമസിക്കുന്ന സുരേഷ് (44) എന്നയാളെയാണ് പൊലീസ് പിടികൂടിയത്
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ തുടർച്ചയായി പ്രതിയായതിനെ തുടർന്ന് ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള ജംബുലിംഗം സുരേഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുന്നയ്ക്കാട് പറയരുകോണത്ത് മേലെ പുതുവൽ പുത്തൻവീട്ടിൽ താമസിക്കുന്ന സുരേഷ് (44) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
നേരത്തെ 12 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടും പുറത്തിറങ്ങിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതാണ് കാപ്പ ചുമത്താൻ കാരണമായത്. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ സുരേഷിനെ ഒരു മാസം മുമ്പ് ബാലരാമപുരം പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ കാപ്പ നിയമപ്രകാരം വീണ്ടും പിടിയിലായത്.
ജില്ലാ റൂറൽ പൊലീസ് മേധാവി പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. ബാലരാമപുരം സർക്കിൾ ഇൻസ്പെക്ടർ കണ്ണൻ, എസ്ഐ ദീപു, ഗ്രേഡ് എസ്ഐ സുധീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൽവിൻ, സിവിൽ പൊലീസ് ഓഫീസർ ആശിഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments ()