കോവളത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയില്‍; ദുരൂഹത?
ഉച്ചക്കട സ്വദേശി ശരണി(26)നെയാണു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കോവളത്ത് യുവാവിനെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയ സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചു. ഉച്ചക്കട സ്വദേശിയായ ശരണിനെയാണ് (26) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരു കൈകളും പിന്നിലേക്ക് ചേർത്തുവെച്ച് തുണികൊണ്ട് കെട്ടിയ നിലയിലായിരുന്ന മൃതദേഹമാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.
അവിവാഹിതനായ ശരണും പാചകത്തൊഴിലാളിയായ അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി വിവാഹ സദ്യ ഒരുക്കുന്നതിനായി അമ്മ പുറത്തുപോയ സമയത്ത് ശരൺ വീട്ടിൽ തനിച്ചായിരുന്നു. രാത്രി 11 മണിക്ക് ശേഷവും ഫോൺ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടർന്ന് സുഹൃത്ത് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ശരണിനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.
ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ ശരണിന് പണം നഷ്ടമായതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യം അന്വേഷിക്കുന്നതിനൊപ്പം ശരണിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Comments ()