2000 രൂപയ്ക്കു വേണ്ടി മുത്തശ്ശിയെ കൊന്നു; കൊച്ചുമകൻ അറസ്റ്റിൽ
ബെലഗാവി ജില്ലയിലെ ഹുക്കേരിയിലുള്ള അരളിക്കട്ടി ഗ്രാമത്തിലാണ് സംഭവം .
ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലുള്ള അരളിക്കട്ടി ഗ്രാമത്തിൽ, 'ഗൃഹലക്ഷ്മി' പദ്ധതിയിൽ ലഭിച്ച പണത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അരളിക്കട്ടി സ്വദേശിനിയായ ഹമ്മവ്വ ബാലപ്പ സനദി (78) കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചുമകൻ ഭീമപ്പ രാമപ്പ സനദി (20), പിതാവ് രാമപ്പ സനദി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
കർണാടക സർക്കാരിന്റെ 'ഗൃഹലക്ഷ്മി' പദ്ധതി പ്രകാരം സ്ത്രീകൾക്ക് ലഭിക്കുന്ന പ്രതിമാസ 2,000 രൂപ ധനസഹായത്തിൽ നിന്ന് ബിസിനസ് തുടങ്ങാനായി പണം നൽകണമെന്ന് ഭീമപ്പ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. നവംബർ 10ന് വെള്ളി ആഭരണം വാങ്ങാനായി ആഴ്ചച്ചന്തയിലേക്ക് പോകാൻ ഹമ്മവ്വ ആഗ്രഹിച്ചപ്പോൾ, ചന്തയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഗവി സിദ്ധേശ്വര കുന്നിന് സമീപത്തെ വിജനമായ സ്ഥലത്ത് വെച്ചാണ് ഭീമപ്പ കൊലപാതകം നടത്തിയത്.
അവിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ കയർ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുത്തശ്ശിയുടെ കൈവശമുണ്ടായിരുന്ന പണവും ധരിച്ചിരുന്ന സ്വർണ്ണമാലകളും കൈക്കലാക്കി മൃതദേഹം ചാക്കിൽക്കെട്ടി മരച്ചില്ലകൾക്കിടയിൽ ഒളിപ്പിച്ചു. അന്ന് രാത്രി തന്നെ മൃതദേഹം ബൈക്കിൽ കയറ്റി ജിനരാൾ ഗ്രാമത്തിന് സമീപമുള്ള ഹിഡ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് എത്തിച്ച്, പൊങ്ങിക്കിടക്കാതിരിക്കാൻ ചാക്കിൽ വലിയ കല്ലുകൾ നിറച്ച് വെള്ളത്തിലേക്ക് തള്ളുകയായിരുന്നു.
ഹമ്മവ്വയെ കാണാതായപ്പോൾ ഒന്നുമറിയാത്തതുപോലെ ഭീമപ്പയും തിരച്ചിലിൽ പങ്കുചേർന്നെങ്കിലും, അവസാനമായി മുത്തശ്ശിയെ കണ്ടത് കൊച്ചുമകനൊപ്പമാണെന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെയാണ് കുറ്റം തെളിഞ്ഞത്. കൃത്യത്തിന് ശേഷം വീട്ടിലെത്തി വിവരം പിതാവ് രാമപ്പ സനദിയോട് ഭീമപ്പ പറഞ്ഞിരുന്നെങ്കിലും, മകനെ രക്ഷിക്കാനായി അദ്ദേഹം ഈ വിവരം പൊലീസിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. തുടർന്ന് നവംബർ 15ന് വൈകിട്ടോടെയാണ് ഹമ്മവ്വയുടെ മൃതദേഹം ഡാമിൽ നിന്ന് കണ്ടെടുത്തത്.
Comments ()