വ്യാജ മദ്യം കഴിച്ച 17 പേർക്ക് ദാരുണാന്ത്യം, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ഇരുന്നൂറിലധികം ആളുകൾ ആശുപത്രിയിൽ
ഇംഫാൽ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 17 പേർ മരിച്ചു. ഇംഫാലിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ചക്പികരോങ് മേഖലയിലാണ് ദാരുണമായ സംഭവം. കഴിഞ്ഞ 48 മണിക്കൂറിനിടെ മദ്യപിച്ച ഇരുന്നൂറോളം പേരെ ഗുരുതരാവസ്ഥയിൽ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.
വെള്ളിയാഴ്ച വൈകുന്നേരം ലാംഫെൽപാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലും ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കിയത്. ചക്പികരോങ് മേഖലയിൽ നിന്ന് മദ്യം കഴിച്ച് അസ്വസ്ഥത അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്ന് സർക്കാർ നിർദ്ദേശിച്ചു. സംഭവത്തെത്തുടർന്ന് മൂന്ന് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ദുരന്തത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതിനൊപ്പം, ജനറൽ മെഡിസിൻ വിദഗ്ധരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തെയും അവശ്യമരുന്നുകളും ചന്ദേലിലേക്ക് അയച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
അതേസമയം, ദുരന്തത്തിനിടയാക്കിയ മദ്യം ചന്ദേൽ ജില്ലയിൽ നിർമ്മിച്ചതല്ലെന്നും തൊട്ടടുത്ത കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് എത്തിച്ചതെന്നും ചന്ദേൽ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. ജില്ലയിൽ അനധികൃത മദ്യനിർമ്മാണം നടക്കുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Comments ()